ന്യൂഡല്‍ഹി: സുഡാനിലെ ആഭ്യന്തരകലാപത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയില്‍ വെടിനിര്‍ത്തലിന്റെ സൂചനകളൊന്നും കാണിക്കാത്തതിനാല്‍ അക്രമബാധിതമായ ആഫ്രിക്കന്‍ രാഷ്ട്രത്തില്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ‘ഓപ്പറേഷന്‍ കാവേരി’ ആരംഭിച്ചു വിദേശകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യയുടെ കപ്പലുകളും വിമാനങ്ങളും സജ്ജമാണ് ‘സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഓപ്പറേഷന്‍ കാവേരി നടക്കുന്നു. അഞ്ഞൂറോളം ഇന്ത്യക്കാര്‍ സുഡാന്‍ തുറമുഖത്തെത്തിയിട്ടുണ്ട്.’ ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
യുഎസ്, യുകെ, സ്വീഡന്‍, ഫ്രാന്‍സ് തുടങ്ങിയ നിരവധി പാശ്ചാത്യ രാജ്യങ്ങളിലെ നയതന്ത്രജ്ഞരെ സര്‍ക്കാരുകള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ഒഴിപ്പിച്ചു. ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇന്ത്യക്കാരെ എത്തിക്കുന്നതിനായി രണ്ട് വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും കപ്പല്‍ സുഡാന്‍ തീരത്തേക്ക് അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വ്യോമസേനയുടെ സി-130 ജെ വിമാനങ്ങളും ഐഎന്‍എസ് സുമേധ എന്ന കപ്പലുമാണ് സുഡാനില്‍നിന്നുള്ള ഒഴിപ്പിക്കലിനായി ഇന്ത്യ ഉപയോഗിക്കുന്നത്.