ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പാക്കാനുള്ള ഓപ്പറേഷന്‍ കാവേരി പുരോഗമിക്കുന്നു. ആദ്യ ബാച്ച് ഇന്ത്യക്കാരുമായി ഐഎന്‍എസ് സുമേധ സുഡാന്‍ തുറമുഖത്ത് നിന്ന് ജെദ്ദയിലേക്ക് യാത്ര തിരിച്ചു. 500 ഇന്ത്യക്കാരാണ് തുറമുഖത്ത് എത്തിയിരുന്നത്.
3,000 ഇന്ത്യക്കാര്‍ സുഡാനിലുണ്ടെന്നാണ് നിഗമനം. ഏറ്റുമുട്ടലില്‍ കേരളത്തില്‍ നിന്നുള്ള ഒരാള്‍ കഴിഞ്ഞ വാരം കൊല്ലപ്പെട്ടിരുന്നു. 10 ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 420 പേരാണ് കൊല്ലപ്പെട്ടത്. 3,700-ലധികം പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്.
പ്രദേശത്ത് വെടിനിര്‍ത്തലിന്റെ സൂചനകളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അക്രമബാധിതമായ ആഫ്രിക്കന്‍ രാഷ്ട്രത്തില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ‘ഓപ്പറേഷന്‍ കാവേരി’ ആരംഭിച്ചത്.
യുഎസ്, യുകെ, സ്വീഡന്‍, ഫ്രാന്‍സ് തുടങ്ങിയ നിരവധി പാശ്ചാത്യ രാജ്യങ്ങളിലെ നയതന്ത്രജ്ഞരെ സര്‍ക്കാരുകള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ഒഴിപ്പിച്ചു. ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
ഇന്ത്യക്കാരെ എത്തിക്കുന്നതിനായി രണ്ട് വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും കപ്പല്‍ സുഡാന്‍ തീരത്തേക്ക് അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വ്യോമസേനയുടെ സി-130 ജെ വിമാനങ്ങളും ഐഎന്‍എസ് സുമേധ എന്ന കപ്പലുമാണ് സുഡാനില്‍നിന്നുള്ള ഒഴിപ്പിക്കലിനായി ഇന്ത്യ ഉപയോഗിക്കുന്നത്.