ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായ ശക്തികാന്ത ദാസിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നിയമനം തെറ്റായിപ്പോയെന്നും ശക്തികാന്ത ദാസ് അഴിമതിക്കാരനാണെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.

നിയമനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി ചിദംബരം നടത്തിയ അഴിമതി ഇടപാടുകളില്‍ പുതിയ ആര്‍ബിഐ ഗവര്‍ണര്‍ പങ്കാളിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അഴിമതി കേസുകളില്‍ നിന്ന് ചിദംബരത്തെ രക്ഷിക്കാന്‍ ശക്തികാന്ത ദാസ് ഇടപ്പെട്ടുവെന്നും സ്വാമി പറഞ്ഞു.

നേരത്തെ, ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ സുബ്രഹ്മണ്യന്‍ സ്വാമി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് രാജി ഗുണകരമാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ആര്‍ ബി ഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ കാലാവധി തികയ്ക്കാതെ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ പുതിയ ആര്‍ ബി ഐ ഗവര്‍ണറായി നിയമിച്ചത്. ഇക്കണോമിക് അഫയേഴ്‌സ് മുന്‍ സെക്രട്ടറിയായിരുന്നു ശക്തികാന്തദാസ്. 2015- മുതല്‍ 2017 വരെയാണ് ശക്തികാന്ത ദാസ് ധനകാര്യ സെക്രട്ടറിയായിരുന്നത്.

കേന്ദ്രസര്‍ക്കാരും ആര്‍ ബി ഐയും തമ്മിലുളള കടുത്ത വിയോജിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഊര്‍ജിത് പട്ടേല്‍ രാജിവച്ചതെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയയാണ് പുതിയ നിയമനം. ആര്‍ ബി ഐയുടെ 25 മത് ഗവര്‍ണറായാണ് ശക്തികാന്ത ദാസ് ചുമതലയേല്‍ക്കുന്നത്. കേന്ദ്രസര്‍ക്കാരും ഊര്‍ജിത് പട്ടേലും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുടെ തുടര്‍ച്ച എങ്ങനെ പരിഹരിക്കും എന്നത് ശക്തികാന്ത ദാസിന്റെ മുന്നിലുളള പ്രധാന വെല്ലുവിളിയായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook