ന്യൂഡൽഹി: സൂഫി ദേവാലയം സന്ദർശിക്കാനും ബന്ധുക്കളെ കാണാനുമായി പോകുന്നതിനിടെ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ പിടിയിലായ പുരോഹിതന്മാര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഡൽഹി നിസാമുദ്ദീൻ ദർഗയിലെ മുഖ്യ പുരോഹിതൻ സയ്യിദ് ആസിഫ് അലി നിസാമി, അനന്തരവൻ നസീം നിസാമി എന്നിവർക്കെതിരെയാണ് ആരോപണവുമായി ബിജെപി നേതാവ് എത്തിയത്.

സ്വയം പ്രതിരോധത്തിനും സഹാനുഭൂതി ലഭിക്കാനുമായി അവർ കള്ളം പറയുകയാണ്. റോ ഏജന്റായി ചിത്രീകരിച്ചു എന്നാണ് അവർ പറയുന്നത്. എന്നാൽ അത് വിശ്വസനീയമല്ല. രണ്ട് പേരും രാജ്യത്തിനെതിരായി പ്രവർത്തിച്ചതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സുബ്രമഹ്ണ്യൻ സ്വാമി വ്യക്തമാക്കി.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ പിടിയിലായ ഇവർ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഇവര്‍ പാകിസ്ഥാന്‍ ഇന്‍റലിജന്‍സിന്‍റെ കസ്റ്റഡിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു പുരോഹിതര്‍ക്കും പാക്കിസ്ഥാനിലെ മുത്താഹിദ ഖൌമി മൂവ്മെന്‍റുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്.

ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ ദർഗയിലെ മുഖ്യ പുരോഹിതൻ സെയ്‌ദ് ആസിഫ് അലി നിസാമിയും അദ്ദേഹത്തിന്റെ അനന്തരവൻ നസീം അലി നിസാമിയും മാർച്ച് ആറിനാണ് ബന്ധുക്കളെ സന്ദർശിക്കുന്നതിനായി കറാച്ചിയിലേക്കു പോയത്.

ഇവിടെ നിന്നും സിന്ധ് പ്രവിശ്യയുടെ ഉൾപ്രദേശങ്ങളിലേക്കു പോയ ഇവർക്ക് മൊബൈൽ നെറ്റ്‌വർക്കിന്റെ അഭാവത്തിൽ നാട്ടിലുളളവരുമായി ബന്ധപ്പെടാൻ കഴിയാതെ വരികയായിരുന്നുവെന്നാണ് വിവരം.

സഹോദരിയോടൊപ്പം കറാച്ചിയിലെ നിസാമി നഗ്രിയിൽ ഒരാഴ്ച്ച ചിലവഴിച്ച ഇവർ മാർച്ച് 13ന് ലാഹോറിലെ ദത്ത ദർബാർ ദേവാലയം സന്ദർശിച്ച ശേഷം കറാച്ചിയിലേക്കു തിരിച്ചെത്താനിരിക്കേയാണ് കാണാനില്ലെന്ന് വിവരം ലഭിക്കുന്നത്.

കാണാതായ ഇരുവരെയും കണ്ടെത്തുന്നതിനായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ശ്രമങ്ങളാരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാസ്വരാജും, പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസും തമ്മിൽ ചർച്ച നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ