ന്യൂഡൽഹി: തമിഴ്നാട്ടിലെ രാഷ്ട്രീയരംഗം കലങ്ങിമറിയുന്നതിനിടെ പനീർശെൽവത്തിന് പരോക്ഷ പിന്തുണ നൽകുന്ന ബിജെപിയിൽനിന്ന് ശശികലയെ അനുകൂലിച്ച് പ്രസ്താവന. രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യം സ്വാമിയാണ് ശശികലയെ പിന്തുണച്ച് രംഗത്ത് വന്നത്.
“ഇന്നലെ ഗവർണർ വിദ്യാസാഗർ റാവുവിനെ കണ്ട ശശികല തനിക്കൊപ്പമുള്ള എംഎൽഎമാരുടെ പട്ടിക നൽകിയിരുന്നു. എന്നാൽ ഇതിന് മുൻപ് പനീർശെൽവം ഗവർണറെ കണ്ടപ്പോൾ രാജി പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഒപ്പമുള്ള എംഎൽഎമാർ ആരൊക്കെയാണെന്ന് ഇദ്ദേഹം വ്യക്തമാക്കിയില്ല. ഇതിൽ നിന്ന് തന്നെ വ്യക്തമാണ് ശശികലയ്ക്കുള്ള പിന്തുണ. പിന്നെന്തിന് വേണ്ടിയാണ് ഗവർണർ വിദ്യാസാഗർ റാവു ഒരു തീരുമാനം പറയാൻ വൈകിപ്പിക്കുന്നത്?” എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചയാണ് എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്തത്. ഗവർണറെ കണ്ടപ്പോൾ ഇവർ നൽകിയ പട്ടികയിൽ പനീർശെൽവം വിഭാഗക്കാരുമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഒപ്പുകൾ വ്യാജമാണെന്ന് ആക്ഷേപമുയർന്നത് ചൂണ്ടിക്കാട്ടി ഇത് പരിശോധിക്കണമെന്ന് പനീർശെൽവം ആവശ്യപ്പെട്ടിരുന്നു.