ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട അയോധ്യ കേസില്‍ കക്ഷി ചേരാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷ സുപ്രിംകോടതി തള്ളി. 2010 ൽ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കക്ഷി ചേരരുന്നതിനുള്ള അപേക്ഷ സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ചത്.

ഇദ്ദേഹത്തിന്റെ ഹർജിയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തു. വിശ്വാസത്തിന്റെ ഭാഗമായുള്ള കേസുകളിൽ ആർക്കും കക്ഷി ചേരാമെന്ന ഭരണഘടനയുടെ 25ാം അനുച്ഛേദം പ്രകാരമായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ഹർജി. എന്നാൽ ഉത്തർപ്രദേശ് സർക്കാർ സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം തള്ളണമെന്ന് നിലപാടെടുത്തതോടെ സുപ്രീം കോടതി വിധിയും ഇദ്ദേഹത്തിന് എതിരായി.

ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ്.എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. രാംലാല ട്രസ്റ്റ്, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തര്‍ക്ക ഭൂമി വീതിച്ച് നല്‍കിയായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ