ചെന്നൈ: രജനീകാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. അമേരിക്കയില്‍ ഒരു കാസിനോയില്‍ രജനി സന്ദര്‍ശിച്ചെന്ന പേരില്‍ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ‘മകള്‍ വിവാഹമോചനം നേടുകയും തമിഴ്നാട് സിനിമാ മേഖല ജിഎസ്ടിയെ തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന അവസരത്തില്‍ രജനീകാന്ത് യുഎസില്‍ കാസിനോ സന്ദര്‍ശിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. ഈ ചിത്രം ചൂണ്ടിക്കാട്ടിയാണ് സ്വാമിയുടെ വിമര്‍ശനം.

‘രജനികാന്ത് ആരോഗ്യം കൂട്ടാന്‍ വേണ്ടി കാസിനോവില്‍ ചൂതാട്ടം കളിക്കുന്നു’ എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. രജനിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ സ്വാമിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സ്ഥിരീകരണം ഇല്ലാത്ത ഫോട്ടോയുടെ പേരില്‍ രജനിയെ വിമര്‍ശിച്ചതിനെതിരെ രജനി ആരാധകര്‍ രംഗത്തെത്തി.

ചികിത്സയ്ക്കായാണ് രജനി അമേരിക്കയിലെത്തിയതെന്നാണ് അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രജനി അമേരിക്കയില്‍ ഒരു കാറില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇത് ആദ്യമായല്ല രജനികാന്തിനെ ആക്രമിച്ച് സ്വാമി രംഗത്തെത്തുന്നത്. സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തിന് ബിജെപി പിന്തുണയ്ക്കുമ്പോള്‍ സ്വാമി ഇതിനെ എതിര്‍ത്താണ് രംഗത്തെത്തിയത്.

രജനികാന്തിന് രാഷ്ട്രീയം എന്താണെന്ന് അറിയില്ലെന്നും അറിയുന്ന പണി ചെയ്യുന്നതാണ് നല്ലതെന്നുമാണ് നേരത്തേ സ്വാമി വിമര്‍ശിച്ചത്. രജനി നടത്തിയ സാമ്പത്തിക തിരിമറികളുടെ വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും രാഷ്ട്രീയപ്രവേശനം തടയാന്‍ ഇത് ധാരാളമണെന്നും സ്വാമി പറഞ്ഞു. രജനി ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ