കൊല്‍ക്കത്ത: ബിര്‍ഭും അക്രമം സംബന്ധിച്ച് നാളെ ഉച്ചയ്ക്ക് രണ്ടിനകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കൊല്‍ക്കത്ത ഹൈക്കോടതി. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് സ്വമേധയാ എടുത്ത പരാതിയിലും ഒരു കൂട്ടം പൊതുതാല്‍പ്പര്യ ഹര്‍ജികളിലുമാണ് നടപടി. സംഭവസ്ഥലത്ത് ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും 24 മണിക്കൂര്‍ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഉപ ഗാമപ്രധാന് ഭാദു ഷെയ്ഖ് (38) ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ബിര്‍ഭും ജില്ലയിലെ ബോഗ്തുയി ഗ്രാമത്തില്‍ അക്രമമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ എട്ടുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. പ്രദേശത്തെ കുറഞ്ഞത് എട്ട് വീടുകള്‍ക്കെങ്കിലും അക്രമികള്‍ തീവച്ചു.
ബോഗ്തുയില്നിന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് ആവശ്യമായ വസ്തുക്കള്‍ ഉടന്‍ ശേഖരിക്കാന്‍ ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സിഎഫ്എസ്എല്‍) സംഘത്തോട് കോടതി നിര്‍ദേശിച്ചു.
ബൊഗ്തുയ് ഗ്രാമത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് ഡിജിപിയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പുര്‍ബ ബര്‍ദ്വാന്‍ ജില്ലാ ജഡ്ജിയുമായി കൂടിക്കാഴ്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ബെഞ്ച് ഉത്തരവിട്ടു. അന്വേഷണം സിബിഐക്ക് വിടണമോയെന്ന് അഡ്വക്കേറ്റ് ജനറല്‍ സൗമേന്ദ്രനാഥ് മുഖോപാധ്യായയോട് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പൊലീസ് പരാജയപ്പെട്ടാല്‍ സിബിഐ അന്വേഷണം പരിഗണിക്കാമെന്നും എജി മറുപടി നല്കി.
Also Read: റോഡില്‍ കിടന്ന മിഠായി കഴിച്ചു; യുപിയില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം
സംഭവം വളരെയധികം ഞെട്ടിപ്പിക്കുന്നതും ഗൗരവമുള്ളതുമാണെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും സ്വമേധയാ കേസെടുത്തുകൊണ്ട് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ നിരീക്ഷിച്ചിരുന്നു.
അതേസമയം, സംഭവത്തിനു രാഷ്ട്രീയ മാനങ്ങളില്ലെന്നും രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നുമുള്ള നിലപാടിലാണ് പൊലീസ്. സംഭവത്തില്‍ എസ്ഐടി 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. അക്രമികള്‍ക്കെതിരെ രാഷ്ട്രീയ നിറം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പറഞ്ഞിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മമത ഇന്ന് ബിര്‍ഭും ജില്ലയിലേക്കു പോകും.
സംഭവത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിയിരുന്നു. ബംഗാളില്‍നിന്നുള്ള ഒമ്പതംഗ ബിജെപി എംപിമാരുടെ സംഘം ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് കേന്ദ്ര ഇടപെടല്‍ അഭ്യര്‍ഥിച്ചിരുന്നു. അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതില്‍നിന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘത്തെ ഇന്നലെ പൊലീസ് തടഞ്ഞിരുന്നു.