/indian-express-malayalam/media/media_files/uploads/2023/06/OceanGate.jpg)
(Image credit: OceanGate)
വാഷിങ്ടൺ: തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ യാത്രികരുമായി പോയ സ്വകാര്യ കമ്പനിയുടെ അന്തർവാഹിനി കാണാതായി. യുഎസ് കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ അന്തർവാഹിനി ടൈറ്റനാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായത്. പൈലറ്റ് അടക്കം അഞ്ചുപേരാണ് പേടകത്തിലുണ്ടായിരുന്നത്.
കനേഡിയന്‍ കപ്പലായ പോളാര്‍ പ്രിന്‍സില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് ടൈറ്റന്‍ അന്തർവാഹിനി യാത്ര തിരിച്ചത്. ഏകദേശം ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ പോളാർ പ്രിൻസിന് അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടമായി. യുഎസ്-കാനഡ കോസ്റ്റ് ഗാര്‍ഡുകള്‍ അന്തർവാഹിനി കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളും യുഎസ്-കാനഡ നാവികസേനകളും ആഴക്കടലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങളും കാണാതായവർക്കായുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
കാണാതായ ടൈറ്റന്‍ പേടകത്തിന് 22 അടി നീളമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ അഞ്ചുപേർക്ക് 96 മണിക്കൂറോളം അതിജീവിക്കാനുള്ള ശേഷി ഈ അന്തർവാഹിനിയിലുണ്ട്. അടിയന്തരഘട്ടങ്ങളില്‍ നാലുദിവസത്തേക്ക് ആവശ്യമുള്ള ഓക്‌സിജനും ടൈറ്റാനിലുണ്ടെന്നാണ് വിവരം. നാലായിരത്തില്‍ അധികം കിലോമീറ്റര്‍ ആഴത്തിലേക്ക് അന്തർവാഹിനിക്ക് സഞ്ചരിക്കാനാകും. മണിക്കൂറില്‍ 5.55 കി.മിയാണ് സഞ്ചരിക്കാനാകുന്ന വേഗത.
പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് അന്തർവാഹിനിയെ ടൈറ്റാനിക് കപ്പലിന്റെ അടുത്തേക്ക് എത്തിക്കുന്നത്. അതിനുശേഷം യാത്രക്കാരുമായി അന്തർവാഹിനി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നിടത്തേക്ക് പോകും. ഏകദേശം എട്ടുമണിക്കൂറാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ അരികിലേക്ക് പോയി മടങ്ങിവരാന്‍ വേണ്ടിവരുന്ന സമയം. നല്ല പണച്ചെലവുള്ള യാത്രയാണിത്. എട്ടുദിവസത്തെ യാത്രയ്ക്ക് ഒരാള്‍ നല്‍കേണ്ടത് രണ്ടുകോടിയോളം (2,05,30,125) രൂപയാണ്.
1985 ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. അതിനുശേഷം ഇവിടെ ഒട്ടേറെ പര്യവേഷണങ്ങൾ നടക്കുന്നുണ്ട്. അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് ഏകദേശം 3,800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്. പ്രത്യേകം നിർമ്മിച്ച അന്തർവാഹിനി ഉപയോഗിച്ച് മാത്രമേ അവശിഷ്ടങ്ങൾ കിടക്കുന്ന ഇടത്തേക്ക് എത്താൻ സാധിക്കൂ.
1912 ഏപ്രില്‍ പതിനഞ്ചിനായിരുന്നു ലോകത്തെ ഞെട്ടിച്ച ടൈറ്റാനിക് ദുരന്തം. ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ തുറമുഖത്തുനിന്ന് യുഎസിലെ ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക് എന്ന ബ്രിട്ടീഷ് യാത്രാക്കപ്പൽ മഞ്ഞുമലയില്‍ ഇടിച്ചു തകരുകയായിരുന്നു. യാത്ര തുടങ്ങി രണ്ടരമണിക്കൂറിനു ശേഷമായിരുന്നു അപകടം. 2223 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതില്‍ 1,500-ല്‍ മരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.