ന്യൂഡല്‍ഹി : കഴിഞ്ഞമുപ്പത്ത് വര്‍ഷമായി കാലാവസ്ഥാവ്യതിയാനത്തിന്‍റെ ദുരിതം പേറുന്ന 1,900 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തതെന്ന് അമേരിക്ക കേന്ദ്രീകരിച്ചുള്ള പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സൈന്‍സ് നടത്തിയ പഠനം പറയുന്നു.

” കൃഷിനശിപ്പിക്കുന്ന താപനിലാവര്‍ദ്ധവ് ഇന്ത്യയില്‍ ആത്മഹത്യാ നിരക്കു വര്‍ദ്ധിപ്പിക്കുന്നു’ എന്നു പറയുന്ന പഠനം നടത്തിയത് കാലിഫോര്‍ണിയ സര്‍വ്വകലാശാലയാണ്. ബെര്‍ക്ലി നിന്നുമുള്ള ഗവേഷകയായ തമ്മ കാര്‍ള്‍ട്ടണാണ് ഇന്ത്യയിലെ വാര്‍ഷിക കര്‍ഷക ആത്മഹത്യയില്‍ കാലാവസ്ഥാവ്യതിയാനത്തിനു സാരമായ പങ്കുണ്ട് എന്ന നിഗമനത്തിലെത്തുന്നത്. കാലാവസ്ഥാവ്യതിയാനങ്ങളുടെ ഭവിഷ്യത്ത് ഏറ്റവും പ്രകടമായി ആത്മഹത്യാ നിരക്കില്‍ പ്രതിഫലിക്കുന്നത് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലാണ് എന്ന് പഠനം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിലെ കര്‍ഷകപ്രതിസന്ധിയും ആത്മഹത്യയും എന്നും ചര്‍ച്ചകളായിട്ടുണ്ട്. ” താപനിലയിലെ വ്യതിയാനങ്ങള്‍ ആത്മഹത്യയുമായി മാത്രം ബന്ധപ്പെട്ടതല്ല. അത് വലിയൊരളവില്‍ വിളവിനേയും ബാധിക്കുന്നതാണ്.” പഠനം പറയുന്നു.

” കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇന്ത്യയിലുണ്ടായ കര്‍ഷക ആത്മഹത്യയിലെ വര്‍ദ്ധനവില്‍ 6.8 ശതമാനത്തോളം വരുന്ന 59,300 ആത്മഹത്യകള്‍ക്ക് കാരണമാകുന്നത് ആഗോളതാപനം ആണ്. ഈ ഫലങ്ങളൊക്കെ വികസിത രാഷ്ട്രങ്ങളില്‍കാലാവസ്ഥാ വന്‍തോതില്‍ ബാധിക്കുന്നു എന്നതിന്‍റെ തെളിവാണ്.” പഠനം പറയുന്നു.

“രാജ്യത്ത് ഒരു ഡിഗ്രി താപനിലാവര്‍ദ്ധനവ് ഉണ്ടാവുമ്പോള്‍ അതിനനുസരിച്ച് അറുപത്തഞ്ച് ആത്മഹത്യയെങ്കിലും വര്‍ദ്ധിക്കുന്നു” എന്ന ശരാശരി കണക്കാണ് പഠനം മുന്നോട്ടുവെക്കുന്നത്. ” ഏതൊക്കെ ദിനങ്ങളിലാണോ അഞ്ചു ശതമാനം താപനിലാ വര്‍ദ്ധനവ് സംഭവിക്കുന്നത്. അന്നേ ദിവസം ആത്മഹത്യാ നിരക്കിലും അഞ്ചിരട്ടി വര്‍ദ്ധനവിനുള്ള സാധ്യതയും” പഠനം സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആത്മഹത്യാനിരക്കും താപനിലയിലും മഴലഭ്യതയിലും വരുന്ന മാറ്റങ്ങളും വിലയിരുത്തിക്കൊണ്ടാണ് കാര്‍ള്‍ട്ടണിന്റെ വിലയിരുത്തല്‍. ദേശീയ ക്രൈം റിക്കോഡ്‌ ബ്യൂറോയുടെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് പഠനം. 1967 മുതല്‍ 2013വരെയുള്ള രാജ്യത്തെ ആത്മഹത്യാ കണക്കുകള്‍ പ്രതിപാദിക്കുന്നതാന് ബ്യൂറോയുടെ കണക്കുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ