scorecardresearch

ഐ ഇ എൽ ടി എസ് ജയിച്ച പെൺകുട്ടിയുണ്ടോ?; പുരുഷന്മാർക്ക് കാനഡയിലേക്കുള്ള ടിക്കറ്റെടുക്കാൻ

കരാർ പാലിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ വരന്മാരുടെ കുടുംബങ്ങൾ വധുക്കൾക്കെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.

കരാർ പാലിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ വരന്മാരുടെ കുടുംബങ്ങൾ വധുക്കൾക്കെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Canada migration| Canada Spouse visa | PR in Canada

പുരുഷന്മാർക്കു കാനഡയിലേക്കു പറക്കാൻ വേണ്ടത്...

  • "ഐഇഎൽടിഎസ് പാസായ പെൺകുട്ടി വേണം. കാനഡയ്ക്ക്. പെൺകുട്ടി ബിരുദധാരി ആയിരിക്കണം. എല്ലാ ചെലവുകളും ആൺകുട്ടിയുടെ ഭാഗത്ത് നിന്ന് വഹിക്കും. കരാർ വിവാഹം മാത്രം."
  • “22 വയസ്സുള്ള പെൺകുട്ടി, ഐ ഇ എൽ ടി എസ് പാസായി, യുകെയിലേക്കുള്ള കുടിയേറ്റത്തിനുള്ള അപേക്ഷ സമർപ്പിച്ചു. പണം ചെലവഴിക്കാൻ കഴിയുന്ന വരനെ ആവശ്യമുണ്ട്”
  • “പെൺകുട്ടിക്ക് ബിരുദധാരിയോ നഴ്‌സോ ആയിരിക്കണം. ഐഇടിഎൽഎസ് പാസാക്കിയിരിക്കണം. ആൺകുട്ടിക്ക് സ്‌പൗസ് വിസയിൽ ഓസ്‌ട്രേലിയയിൽ പോകണം. , ടൈംപാസല്ല, വിവാഹിതരാകണം.”
  • “പേര് ****. പഠനം: ബിഎ. യുകെയ്ക്കുള്ള തയ്യാറെടുപ്പുകൾ. കരാർ വിവാഹം (പേപ്പർ മാര്യേജ്). IELTS ബാൻഡ് 6.5. പണം ചെലവഴിക്കാൻ കഴിയുന്ന ആൺകുട്ടിയെ ആവശ്യമുണ്ട്.
Advertisment

പത്രങ്ങളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളായ ഐ ഇ എൽ ടി എസ് ആൻഡ് എൻ ആർ ഐ റിഷ്തെ, ഐ ഇ എൽ ടി എസ് പഞ്ചാബി റിഷ്തെ എന്നിവയിലെ ഈ മാട്രിമോണിയൽ പരസ്യങ്ങൾ പഞ്ചാബിലെ ട്രെൻഡിലേക്ക് വിരൽ ചൂണ്ടുന്നു - തങ്ങളുടെ ഭാവി വധുക്കളുടെ ഐ ഇ എൽ ടി എസ് (IELTS) സ്കോറിൽ ടിക്കറ്റ് നേടി കാനഡ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് പറക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാർ. അത്തരം വിവാഹങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു - യഥാർത്ഥ വിവാഹം, കരാർ വിവാഹം (Contract Marriage).

ബ്രിട്ടീഷ് കൗൺസിലിന്റെയും കേംബ്രിഡ്ജ് അസസ്‌മെന്റിന്റെയും സഹ ഉടമസ്ഥതയിലുള്ളതും ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഐഡിപി എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐഇഎൽടിഎസ് അല്ലെങ്കിൽ ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം ക്ലിയർ ചെയ്തിരിക്കണം എന്നത്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യു കെ തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനത്തിനായാലും ജോലിക്കായാലും കുടിയേറ്റത്തിനായാലും പോകുന്നതിനായി അപേക്ഷിക്കുന്നവർക്ക് ഒരു മുൻവ്യവസ്ഥയാണ്.

Canada migration| Canada Spouse visa | PR in Canada
Advertisment

വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക്, പഞ്ചാബിൽ നിന്നുള്ള ഐ ഇ എൽ ടി എസ് (IELTS) റൂട്ട് സാധാരണയായി ഇതാണ്: അനുയോജ്യമായ ഒരു പെൺകുട്ടിയെ കണ്ടെത്തുക, ഭാവി വധുവിന് നല്ല ഐ ഇ എൽ ടി എസ് (IELTS) സ്കോർ ഉണ്ടെന്ന് ഉറപ്പാക്കുക (കാനഡ കുറഞ്ഞത് ഐഇഎൽടിഎസ് ബാൻഡ് ആറ് നേടിയിരിക്കണം), പെൺകുട്ടിയുടെ വിദേശത്തെ വിദ്യാഭ്യാസത്തിനും യാത്രയ്ക്കും ധനസഹായം നൽകാനും ധാരണയാകുന്നു. വിവാഹത്തെ തുടർന്ന്, പെൺകുട്ടി സ്റ്റുഡന്റ് വിസയിൽ പറക്കുന്നു. അവിടെ എത്തിക്കഴിഞ്ഞാൽ, സ്ത്രീ തന്റെ ഭർത്താവിനെ ഡിപന്റഡ് വിസയിൽ (Spouse Visa) തന്നോടൊപ്പം കൊണ്ടുപോകുന്നു, ഭർത്താവിന് ഓപ്പൺ വർക്ക് പെർമിറ്റ് ലഭിക്കുന്നു, തുടർന്ന്, എല്ലാം പ്ലാൻ അനുസരിച്ച് നടന്നാൽ, പെർമനന്റ് റസിഡൻസി (PR) ലഭിക്കുന്നു. പഞ്ചാബ് മുതൽ കാനഡ വരെയുള്ള സന്തോഷകരമായ ഒരു കഥ.

എന്നിരുന്നാലും, ഒട്ടുമിക്ക സംഭവങ്ങളും ഈ തിരക്കഥയിൽ പരാജയപ്പെടുകയാണ്. പഞ്ചാബ് പൊലീസ് പറയുന്നതനുസരിച്ച്, അടുത്തിടെ, വധുവിനും കുടുംബത്തിനുമെതിരെ ഫയൽ ചെയ്യപ്പെട്ട വഞ്ചനാ കേസുകളുടെ ഒരു നിര തന്നെയുണ്ട്. ഇന്ത്യയിൽ തിരിച്ചെത്തിയ വരന്മാരുടെ കുടുംബങ്ങൾ നൽകിയ പരാതികൾ അനുസരിച്ച്, ഫോൺ എടുക്കാനും ഉടമ്പടി തുടരാനും വിസമ്മതിച്ചു, വരന് സ്പൗസ് വിസ അയയ്ക്കാൻ വിസമ്മതിച്ചു എന്നിങ്ങനെ പോവുന്നു പരാതികൾ.

publive-image
ലുധിയാനയിലെ IELTS കോച്ചിംഗ് സെന്ററുകൾ | Express photo by Gurmeet Singh

ലുധിയാന ജില്ലയിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം 12 കേസുകളെങ്കിലും ഉണ്ടായിട്ടുണ്ട്.

വധു തങ്ങളെ "കബളിപ്പിക്കുകയും" "ആൺകുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല" എന്നും വരന്റെ കുടുംബം ആരോപിച്ച 40 കേസുകളെങ്കിലും സംസ്ഥാനത്ത് നിലവിൽ അന്വേഷണത്തിലാണെന്ന് പഞ്ചാബ് പൊലീസിന്റെ എൻആർഐ അഫയേഴ്‌സ് വിങ്ങിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു - ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ നേരത്തെ രജിസ്റ്റർ ചെയ്തവയ്ക്ക് പുറമെയാണ് ഇവ.

വിവാഹ വഞ്ചനയെക്കുറിച്ച് തനിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പഞ്ചാബിലെ എൻആർഐ കാര്യ മന്ത്രി കുൽദീപ് സിങ് ധലിവാൾ പറഞ്ഞു. “ഇതുവരെ മൊത്തം കണക്കെടുത്തിട്ടില്ല , അത്തരം കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പരാതി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഞങ്ങൾ കേസ് സമഗ്രമായി അന്വേഷിക്കും, എന്നാൽ അത്തരം വിവാഹങ്ങളുടെ ഉത്തരവാദിത്തം കുടുംബങ്ങളുടേതാണ്. ഇമിഗ്രേഷൻ പ്രക്രിയയ്‌ക്കായി ശരിയായ വഴി പിന്തുടരാനും രജിസ്റ്റർ ചെയ്ത ട്രാവൽ ഏജന്റുമാരെ തിരഞ്ഞെടുക്കാനും ഞങ്ങൾ എല്ലായ്‌പ്പോഴും ആളുകളോട് അഭ്യർത്ഥിക്കാറുണ്ട്,” “ഓരോരോ കേസായാണ് സർക്കാർ നടപടിയെടുക്കുന്നത്.”

ലുധിയാനയിലെ കൗങ്കെ കലൻ ഗ്രാമത്തിൽ 8.5 ഏക്കർ സ്വന്തമായുള്ള കർഷകനായ ഹർനേക് സിങ് (56) തന്റെ മകന് വധുവിനെ തേടുമ്പോൾ, അയാൾക്ക് “വളരെ കുറച്ച് ആവശ്യങ്ങളേ” ഉണ്ടായിരുന്നുള്ളൂ - പെൺകുട്ടി ഐഇഎൽടിഎസ് പാസായിരിക്കണമെന്നും പന്ത്രണ്ടാം ക്ലാസിന് ശേഷം പഠനം ഉപേക്ഷിച്ച തന്റെ മകൻ ജഗദീപ് സിങ് മാൽഹിയെ കാനഡയിലേക്ക് കൊണ്ടുപോകണമെന്നും.

ഇടനിലക്കാരൻ വഴി 2018-ൽ, ഹാർനേക് തന്റെ മകന് അനുയോജ്യമായ വധുവിനെ കണ്ടെത്തി. കുടുംബങ്ങൾ ഉടൻ തന്നെ ഒരു കരാറിലെത്തി - "നല്ല ഐഇഎൽ ടി എസ് ബാൻഡ്" 6 ഉള്ള സയൻസ് ബിരുദധാരിയായ പെൺകുട്ടി, ജഗ്ദീപിന് 5.5 മാത്രമേ ഉണ്ടായിരുന്നുള്ളൂ, വിവാഹം കഴിഞ്ഞാൽ, പെൺകുട്ടി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഒരു കോഴ്‌സ് പഠിക്കാൻ കാനഡയിലേക്ക് പോകും. ഇതിന്റെ ചെലവുകൾ പൂർണമായും വരനും കുടുംബവും വഹിക്കും.

publive-image

എന്നിരുന്നാലും, കരാറും - വിവാഹവും - മംഗളകരമായിട്ടല്ല അവസാനിച്ചത്. കാനഡയിലേക്ക് കുടിയേറിയ ശേഷം മരുമകൾ വീർപാലിനും പിതാവ് ബൽജീന്ദർ സിങ്ങിനുമെതിരെ ഈ വർഷം മെയ് മാസത്തിൽ ഹാർനേക് പൊലീസിൽ പരാതി നൽകി. കാനഡയിലേക്ക് പോയശേഷം ജഗദീപിന്റെ ഫോണുകൾ എടുക്കാതിരിക്കുകയും 28.69 ലക്ഷം രൂപ തട്ടിയെടുത്തു എന്നുമാരോപിച്ചാണ് പരാതി നൽകിയത്. ഇതിനെ തുടർന്ന് ലുധിയാന റൂറൽ പൊലീസ് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

“2019 സെപ്റ്റംബറിൽ വിവാഹം നടന്നു, അതിനുശേഷം പെൺകുട്ടി കാനഡയിലേക്ക് പോയി. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞു. അവിടെയത്തിയ ശേഷം ഫോൺ കോളുകൾ എടുക്കുന്നത് നിർത്തി, എന്റെ മകന്റെ സ്പൗസ് വിസയ്ക്കുള്ള പേപ്പറുകൾ അയ്ക്കാൻ വിസമ്മതിച്ചു. തുടർന്ന് ഞങ്ങൾ അവരുടെ മാതാപിതാക്കളെയും ഇടനിലക്കാരനെയും ബന്ധപ്പെട്ടു. ഒരുപാട് നിർബന്ധിച്ചതിന് ശേഷം മരുമകള്‍ പേപ്പറുകൾ അയച്ചു, പക്ഷേ അവ രണ്ടുതവണ നിരസിക്കപ്പെട്ടു. ഒടുവിൽ, മൂന്നാം തവണ പേപ്പറുകൾ ശരിയായി, എന്റെ മകൻ 2022 ഏപ്രിലിൽ കാനഡയിലെത്തി, പക്ഷേ മരുമകള്‍ മകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിൽ വന്നില്ല. മകനോടൊപ്പം ജീവിക്കാൻ വിസമ്മതിച്ചു, ഇപ്പോൾ എന്റെ മകൻ ടൊറന്റോയിൽ വേറെ താമസിക്കുന്നു. രണ്ട് മാസത്തെ വർക്ക് പെർമിറ്റ് മാത്രമാണ് ബാക്കിയുള്ളത്. അയാൾക്ക് അവിടെ താമസിക്കാൻ ആവശ്യമായ രേഖകൾ നൽകാൻ അവർ ഇപ്പോൾ വിസമ്മതിക്കുന്നു,” ഹാർനേക് പറഞ്ഞു. "ഞങ്ങൾ ആ പെൺകുട്ടിയുടെ യാത്രാ ടിക്കറ്റുകൾ എടുത്തുകൊടുത്തു, കോളേജ് ഫീസ് നൽകി, പെൺകുട്ടിയുടെ ഷോപ്പിങ്ങിനായി ലക്ഷങ്ങൾ ചെലവഴിച്ചു, എന്നിട്ട് ഞങ്ങളോട് ഇത് ചെയ്തു," പുച്ഛവും ദേഷ്യവും നിറഞ്ഞ സ്വരത്തിൽ ഹാർനെക് പറഞ്ഞു.

വീർപാൽ എന്ന 27 കാരിയിക്കും അവരുടെ പിതാവ് ബൽജീന്ദർ സിങ്ങിനും പറയാന്‍ മറ്റൊരു കഥയുണ്ട്.

മോഗയിലെ അജിത്‌വാൾ ഗ്രാമത്തിലെ ബൽജീന്ദർ പറയുന്നത് ഇങ്ങനെയാണ്: “വീർപാൽ 2018-ൽ ഐ ഇ എൽ ടി എസ് പാസായപ്പോൾ മകളെ കാനഡയിലേക്ക് അയ്‌ക്കാൻ മതിയായ പണമില്ലായിരുന്നു. എന്റെ മൂത്ത മകളെ ഫിൻ‌ലൻഡിലേക്ക് അയ്‌ക്കാൻ ഞാൻ ധാരാളം പണം ചെലവഴിച്ചു, സമ്പാദ്യമൊക്കെ ഏതാണ്ട് തീർന്നിരുന്നു. അതിനാൽ ലുധിയാനയിലെ ഒരു കുടുംബത്തിൽ നിന്ന് വിവാഹാലോചന വന്നപ്പോൾ അവർ അവളുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്യുമെന്ന് പറഞ്ഞപ്പോൾ, അത് യോജിച്ച ഒന്നാകുമെന്ന് ഞാൻ കരുതി.

2019 നും 2022 നും ഇടയിൽ താൻ മൂന്ന് തവണ ജഗദീപിന്റെ പേപ്പറുകൾക്കായി അപേക്ഷിച്ചു, എന്നാൽ മൂന്നാമത്തെ ശ്രമത്തിലാണ് അദ്ദേഹത്തിന് വിസ ലഭിച്ചത് എന്ന് വീർപാൽ ടൊറന്റോയിൽ നിന്ന് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "കഴിഞ്ഞ വർഷം മേയിൽ അദ്ദേഹം കാനഡയിൽ വന്നപ്പോൾ, ഞാൻ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയിരുന്നു, പക്ഷേ അയാൾ, എന്നോട് സംസാരിക്കാൻ വിസമ്മതിക്കുകയും ബന്ധുക്കൾക്കൊപ്പം താമസിക്കുകയും ചെയ്തു. എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തു, അദ്ദേഹത്തിന് വർക്ക് പെർമിറ്റ് പോലും ലഭിച്ചു, പക്ഷേ അയാൾ ഇപ്പോഴും എന്നെ അധിക്ഷേപിക്കുന്നു. അയാളും അയാളുടെ കുടുംബവും എന്റെ സ്വഭാവത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നു, വീട്ടിൽ നിന്ന് മാറി നിന്ന് പുരുഷന്മാരോടൊപ്പം ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെ വിശ്വസിക്കാൻ കഴിയില്ലെന്ന് അവർ പറയുന്നു. അവർ എന്റെ മാതാപിതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുകയും അവരുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും ചെയ്തു,” വീർപാൽ പറഞ്ഞു.

publive-image

ലുധിയാനയിലെ ഖന്നയിലെ കുൽദീപ് കൗർ ഒരു സ്ത്രീക്കും അവരുടെ മാതാപിതാക്കൾക്കുമെതിരെ 20 ലക്ഷം രൂപ വഞ്ചിച്ചെന്നാരോപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തന്റെ മകൻ കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്നതിനാൽ താൻ ഐഇഎൽടിഎസ് പാസായ പെൺകുട്ടിയെ നോക്കുകയായിരുന്നു. 2018-ൽ അവർ ആദ്യമായി കാണുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. അതിനാൽ കൗറിന്റെ വീട്ടുകാർ എല്ലാ ചെലവുകളും വഹിച്ച് സ്റ്റഡി പെർമിറ്റിൽ പെൺകുട്ടി കാനഡയിലേക്ക് അയക്കാനും പഠനം കഴിഞ്ഞ് തിരിച്ചെത്തി കൗറിന്റെ മകനെയും അങ്ങോട്ട് കൊണ്ടുപോകാമെന്നും തീരുമാനിച്ചു. എന്നാൽ, 2022 ൽ പെൺകുട്ടി തിരികെ ഇന്ത്യയിലേക്ക് എത്തിയെങ്കിലും മറ്റൊരാളെ വിവാഹം കഴിച്ചു. കൗറിൽ നിന്ന് ഭാര്യ കൈപ്പറ്റിയ 20 ലക്ഷം രൂപ തിരികെ നൽകാൻ തയ്യാറാണെന്ന് പെൺകുട്ടിയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു.

വഞ്ചനയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പണം തിരികെ ലഭിച്ചതിനാൽ കേസ് കോടതിയിൽ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

തങ്ങളുടെ കേസ് “ഉഭയസമ്മതപ്രകാരം പരിഹരിച്ചിരിക്കുന്നു” എന്ന് പറഞ്ഞ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കാൻ ഇരു കുടുംബങ്ങളും വിസമ്മതിച്ചു.

ലുധിയാനയിലെ മച്ചിവാരയിൽ നിന്ന് വിരമിച്ച സർക്കാർ ജീവനക്കാരനായ സോമനാഥ് വാധ്വ തന്റെ മരുമകൾ ഭവ്നീതിനും അവരുടെ മാതാപിതാക്കളായ സമ്രാളയിലെ ഗുർമീത് സിങ് സച്ച്‌ദേവയ്ക്കും ധർവീർ കൗറിനും എതിരെ 70 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് പൊലീസിൽ പരാതി നൽകി. തന്റെ മകൻ ആകാശിന് പിആർ വാഗ്ദാനം ചെയ്ത ശേഷം പെൺകുട്ടിയുടെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയ്ക്കും വിദ്യാഭ്യാസത്തിനും പണം നൽകിയെന്നും എന്നാൽ അവർ തന്നെ വഞ്ചിച്ചുവെന്നും വാധ്വ ആരോപിച്ചു. ഗുർമീതിനെയും ധർവീറിനെയും അറസ്റ്റ് ചെയ്തു, പിന്നീട് ജാമ്യത്തിൽ വിട്ടു.

"കള്ളക്കഥകളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും" "ഞങ്ങൾ ഇത് കോടതിയിൽ നേരിടുമെന്നും" പെൺകുട്ടിയുടെ പിതൃസഹോദരൻ ഹർമീത് സിങ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“ഞങ്ങളുടെ കുട്ടിക്ക് വെറും 18 വയസ്സായിരുന്നു, ഈ ആൺകുട്ടിയെ പ്രണയിച്ച് 2017-ൽ വിവാഹം കഴിക്കുമ്പോൾ പെൺകുട്ടി സ്കൂളിൽ ടോപ്പറായിരുന്നു. വിവാഹത്തിന് ശേഷവും പെൺകുട്ടി മച്ചിവാരയിലെ ഒരു സെന്ററിൽ മറ്റ് വിദ്യാർത്ഥികൾക്ക് ഐ ഇ എൽ ടി എസിന് കോച്ചിങ് നൽകുമായിരുന്നു. ആൺകുട്ടി, സമ്രാളയിലെ ഞങ്ങളുടെ വീടിനു മുന്നിൽ ചെറിയ കഫേ നടത്തിയിരുന്നു. പെൺകുട്ടി, 2019ൽ ഐഇഎൽടിഎസ് പാസായതിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് പോകുകയും അവിടെ സ്‌കോളർഷിപ്പ് ലഭിക്കുകയും ചെയ്തു. ഇപ്പോൾ മെൽബണിൽ ഒരു ഡോക്ടറുടെ സഹായിയായി ജോലി ചെയ്യുന്നു. പെൺകുട്ടി അയച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ആൺകുട്ടി ഈ വർഷം ആദ്യം ഓസ്‌ട്രേലിയയിലേക്ക് പോയത്. എന്നാൽ ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് അവർ ബോധ്യമായ സാഹചര്യത്തിൽ പെൺകുട്ടി വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. അപ്പോൾ ആൺകുട്ടിയുടെ കുടുംബം പെൺകുട്ടിക്കായി കുറച്ച് പണം ചെലവഴിച്ചാലോ? അവരുടെ മരുമകൾ ആയിരുന്നില്ലേ? ദമ്പതികൾ ഓസ്‌ട്രേലിയയിൽ വിവാഹമോചനത്തിന് തീരുമാനിച്ചാൽ അവളുടെ മാതാപിതാക്കൾ എങ്ങനെയാണ് ഇവിടെ ഉത്തരവാദികളാവുക?” ഹർമീത് ചോദിച്ചു.

"പെൺകുട്ടികൾ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു" എന്നതിനാൽ പുരുഷന്മാർ ഐഇഎൽടിഎസ് പാസ്സായ സ്ത്രീകളെ, തങ്ങൾക്ക് വിദേശത്തേക്ക് പോകാനുള്ള വഴിയായി ഉപയോഗിക്കുന്നുണ്ടെന്ന് മോഗയിലെ 'കൗർ ഇമിഗ്രേഷൻ' സിഇഒ രച്ച്പാൽ സിങ് സോസൻ പറഞ്ഞു.

“സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ് ഐഇഎൽടിഎസ് പരീക്ഷ എഴുതുന്നതെങ്കിലും, സ്ത്രീകൾ കൂടുതൽ മികവുള്ളവരും പരീക്ഷകൾ നേരത്തെ വിജയിക്കുന്നവരുമാണ്. ഐഇഎൽടിഎസ് പാസായ സ്ത്രീയെ വിവാഹം കഴിക്കുക എന്നതാണ് പുരുഷന്മാർ കാണുന്ന ഏറ്റവും എളുപ്പമുള്ള വഴി, എന്നാൽ ഈ വിവാഹങ്ങൾ വിദേശത്തേക്ക് പോകുക എന്ന പരിമിതമായ ലക്ഷ്യത്തോടെ നിശ്ചയിച്ചിരിക്കുന്നതിനാൽ പിന്നീട്, ബന്ധങ്ങളിലെ പ്രശ്നങ്ങൾ ഉണ്ടാകുന്നു, ”സോസൻ പറഞ്ഞു.

കുറച്ച് വർഷങ്ങളായി, പഞ്ചാബിലെ പെൺകുട്ടികൾ 10, 12 ക്ലാസുകളിൽ ആൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഈ വർഷം പ്രഖ്യാപിച്ച 12-ാം ക്ലാസ് ഫലത്തിൽ 90.23 ശതമാനം ആൺകുട്ടികൾ വിജയിച്ചപ്പോൾ 95.14 പെൺകുട്ടികളുടെ വിജയശതമാനം.

മിക്ക എഫ്‌ഐആറുകളും ഐപിസി സെക്ഷൻ 420 (വഞ്ചന), 406 (ക്രിമിനൽ വിശ്വാസവഞ്ചന) എന്നിവ പ്രകാരമാണ് ഫയൽ ചെയ്തിരിക്കുന്നതെങ്കിലും, പല കാരണങ്ങളാൽ കേസുകൾ സങ്കീർണമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

“ഇവിടെയോ കാനഡയിലോ വിവാഹം തുടരണോ വേണ്ടയോ എന്നത് സ്ത്രീയുടെ തീരുമാനമാണ്. വിവാഹബന്ധം അവസാനിപ്പിക്കുന്നതിനോ വിവാഹനിശ്ചയത്തിന് ശേഷം ഒഴിവാകുന്നതിനോ പല കാരണങ്ങളുണ്ടാകാം. ചില സന്ദർഭങ്ങളിൽ, വിദേശത്ത് എത്തിയ ശേഷം പെൺകുട്ടിയുടെ മനസ്സ് മാറുമ്പോൾ, ആ കുടുംബം ആൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് സ്വീകരിച്ച പണം തിരികെ നൽകുന്നു, അതിനാൽ അതിൽ ‘ചതി’ ഇല്ല. ഞങ്ങൾ ഓരോ എഫ്‌ഐആറും പ്രത്യേകമായി പരിശോധിക്കുന്നു,” ഐജി റാങ്കിലുള്ള പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

പി ആർ പേപ്പറുകൾക്ക് പകരമായി ആൺകുട്ടിയുടെ കുടുംബം പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന ഈ കരാറുകളിൽ ഭൂരിഭാഗവും - രേഖാമൂലമുള്ള ഉടമ്പടികളൊന്നും ഉൾപ്പെടുന്നില്ല എന്നതാണ് ഈ കേസുകളെ സങ്കീർണ്ണമാക്കുന്നതെന്ന് ഓഫീസർ പറഞ്ഞു. “എല്ലാം വാക്കാലുള്ളതാണ്. കേസുകൾ 420 ഐപിസിയുടെ (വഞ്ചന) പരിധിക്ക് അനുയോജ്യമാണോ അല്ലയോ എന്ന് ഞങ്ങൾ നോക്കുന്നു. പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്. കരാർ ലംഘനം സിവിൽ കുറ്റകൃത്യമാണ്, ക്രിമിനൽ കുറ്റമല്ല, അതിനാൽ പോലീസ് ഈ കേസുകളിൽ ഓരോന്നിലും നിയമോപദേശം തേടാറുണ്ട്, ”അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ തന്റെ കൃഷിയിടത്തിൽ 23 കാരനായ ലവ്പ്രീത് സിങ്ങിനെ 2021 ൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് വിവാഹങ്ങളിലെ ചതിയും വഞ്ചനയും ആരോപിക്കുന്ന ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടത്. ലവ് പ്രീത് സിങ്ങിന്റെ രക്ഷാകർത്താക്കൾ, അവരുടെ മരുമകൾ 21കാരിയായ ബിയാന്ത് കൗറിനെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നൽകി. ഓഗസ്റ്റ് 2019 മുതൽ സ്റ്റഡി പെർമിറ്റിൽ കാനഡയിലുള്ള ബിയാന്ത് കൗർ ലവ് പ്രീത് സിങ്ങിനെ കാനഡയിലേക്ക് കൊണ്ടുപോകാമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് ലവ്പ്രീതിന്റെ ഫോൺ എടുക്കാതെയായി എന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

ലവ്പ്രീതിന്റെ മരണം കാനഡയിൽ അലയൊലികൾ സൃഷ്ടിച്ചപ്പോൾ, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജ്യത്തെ ഇമിഗ്രേഷൻ നിയമങ്ങൾ പുനപരിശോധിക്കില്ലെന്നും അപേക്ഷകർ സർക്കാരിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബിയാന്ത് കൗർ-ലവ്പ്രീത് കേസ്, ‘തുഗിയ ദി പീഡിത്’ (വഞ്ചനയുടെ ഇരകൾ) എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നതിന് കാരണമായി. ഇത് “ഉപേക്ഷിക്കപ്പെട്ട എൻആർഐ ഭർത്താക്കന്മാർ”ക്കിടയിൽ ഒരു തരത്തിലുള്ള ബന്ധത്തിന് വഴിയൊരുക്കി. ഇപ്പോൾ 80-ലധികം അംഗങ്ങളുള്ളതാണ് ആ ഗ്രൂപ്പ്. അവരുടെ ഐ ഇ എൽ ടി എസ് വധുക്കൾക്കായി അവർ എത്രമാത്രം ചെലവഴിച്ചുവെന്നതിന്റെ കഥകൾ പങ്കിടുന്നത് മുതൽ അവർക്ക് "അനുഭവിക്കേണ്ടി വന്ന അപമാനം" വരെ, അതിൽ പങ്കുവെക്കുന്നു. 2021 ജൂൺ മുതലാണ് ഈ ഗ്രൂപ്പ് ആരംഭിച്ചത്.

നിരാകരിക്കപ്പെട്ട പുരുഷന്മാരുടെ രോഷം ജനപ്രിയ സംസ്കാരത്തിലും ഇടം നേടിയിട്ടുണ്ട്. 2021-ൽ പഞ്ചാബി ഗായകൻ പവിതാർ ലസ്സോയ് 'വഞ്ചന', തീവ്രാഭിലാഷം എന്നിവയെക്കുറിച്ചുള്ള ഒരു ഗാനം പുറത്തിറക്കി. “നിങ്ങളുടെ കാനഡ ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് വളരെ അകലെയല്ല, ഇവിടെ നിന്നുള്ള ശബ്ദം നിങ്ങൾക്ക് കേൾക്കാൻ കഴിയില്ല; എന്റെ വിലാപം കേൾക്കാൻ പോലും കഴിയാത്ത വിധം നിങ്ങൾ ഡോളറിനോടുള്ള അത്യാഗ്രഹത്തിൽ മുങ്ങിപ്പോയിരിക്കുന്നു" എന്നാണ് ആ വരികൾ.

ടൊറന്റോയിൽ നിന്ന് , 24 കാരിയായ യോർക്ക് യൂണിവേഴ്സിറ്റി ബിരുദധാരി 'ഡോളറിനുള്ള അത്യാഗ്രഹം' എന്ന ആരോപണത്തെക്കുറിച്ച് അക്ഷോഭ്യയായാണ് സംസാരിച്ചത്.

“തലമുറകളായി, പുരുഷന്മാർ ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയപ്പോൾ, ഒരിക്കലും തിരിഞ്ഞുനോക്കാതിരുന്നപ്പോഴൊന്നും, ആരും പ്രശ്നമൊന്നും ഉന്നയിച്ചില്ല. എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു ഒച്ചപ്പാടും പ്രതിഷേധവുമൊക്കെ? ഞാൻ ബിഎസ്‌സി ചെയ്തു, ഐഇഎൽടിഎസിൽ നല്ല ബാൻഡ് നേടി, ഇപ്പോൾ എനിക്ക് ഇവിടെ മെച്ചപ്പെട്ട ജീവിതം ഉണ്ട്. 12-ാം ക്ലാസ് പോലും പഠിക്കാൻ കഴിയാത്ത ഒരു പുരുഷനോടൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതേ, വിവാഹം കഴിക്കാനുള്ള സമ്മർദത്തിന് ഞാൻ വഴങ്ങി, പക്ഷേ ഇപ്പോൾ എന്റെ തെറ്റ് തിരിച്ചറിഞ്ഞതിനാൽ, ഞാൻ എന്തിന് അയാളുടെ അടുത്തേക്ക് മടങ്ങണം?

Punjab Canada Immigration

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: