/indian-express-malayalam/media/media_files/uploads/2020/10/students.jpg)
കോവിഡ്-19 മഹാമാരിക്കിടയിലും പഠനം തുടരാനുള്ള​ ദൃഢനിശ്ചയമാണ് ഗോവയിലെ ഒരു കൂട്ടം വിദ്യാർഥികളെ എല്ലാ ദിവസവും മൂന്ന് കിലോമീറ്റർ നടന്ന് വന്യജീവി സങ്കേതത്തിലെ കുന്ന് കയറാൻ പ്രേരിപ്പിക്കുന്നത്. മെച്ചപ്പെട്ട ഇന്റർനെറ്റ് കണക്ഷന് വേണ്ടിയാണ് ഈ കുട്ടികളുടെ കുന്ന് കയറ്റം.
യാത്രയിലുണ്ടായേക്കാവുന്ന അപകടങ്ങളെ അവഗണിച്ച് തെക്കൻ ഗോവ ജില്ലയിലെ സാങ്കും താലൂക്കിലെ കുന്നിൻ മുകളിലേക്ക് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള 25 വിദ്യാർഥികളുടെ ഈ സംഘത്തിന് ട്രെക്കിങ് ഒരു ദിനചര്യയായി മാറിയിരിക്കുകയാണ്.
കൊറോണ വൈറസിനെ തുടർന്നുള്ള രാജ്യവ്യാപക ലോക്ക്ഡൌൺ കാരണം ഗോവയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് അവസാനം മുതൽ അടച്ചിരിക്കുകയാണ്. കൂടാതെ പഠനം ഓൺലൈനിലേക്ക് മാറി, ഇതിന് സ്മാർട്ട്‌ഫോണുകളും വേഗതയാർന്ന ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ആവശ്യമാണ്.
Read More: കോവിഡ് വാക്സിൻ: ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരും
പനാജിയിൽ നിന്ന് 100 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന സാങ്കും താലൂക്കിലെ കുമാരി, പത്രെ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പതിവായി 3 കിലോമീറ്റർ ട്രെക്കിംഗ് നടത്തുകയാണ്. നേത്രാവലി വന്യജീവി സങ്കേതത്തിനുള്ളിലെ കുമാരി കുന്നിൻമുകളിൽ എത്തി, അവരുടെ മൊബൈൽ ഫോണുകൾക്ക് വേഗതയേറിയ ഇന്റർനെറ്റ് കണക്ഷൻ അന്വേഷിക്കുകയാണ്, പഠനം തുടരാനായി.
"ഞങ്ങൾ രാവിലെ 8.10 ഓടെ ഇവിടെയെത്തി ഞങ്ങളുടെ ക്ലാസുകൾ കഴിഞ്ഞ് ഉച്ചക്ക് ഒരു മണിയോടെ വീട്ടിലേക്ക് മടങ്ങും," പനാജിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള വെർന ഗ്രാമത്തിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന നീലിമ എക്ദോ പറഞ്ഞു.
വന്യജീവി സങ്കേതത്തിനുള്ളിലെ കുന്നിലെ തരിശായി കിടക്കുന്ന ഭൂമിയിലെ പാറകളിൽ ഇരുന്നാണ് വിദ്യാർത്ഥികൾ പഠിക്കുന്നത്.
“മഴ പെയ്യുമ്പോൾ, നനയാതിരിക്കാൻ കുടയും പിടിച്ചാണ് ഞങ്ങൾ ഇരിക്കുക. മഴ പെയ്താൽ പിന്നെ റേഞ്ച് കിട്ടില്ല. പഠനം തുടരണമെങ്കിൽ മഴ തോരുന്നത് വരെ കാത്തിരിക്കണം," എക്ദോ കൂട്ടിച്ചേർത്തു.
ഈ പ്രദേശത്ത് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ (ബിഎസ്‌എൻഎൽ) മൊബൈൽ ടവറുകളുണ്ടെങ്കിലും പ്രദേശവാസികളുടെ അഭിപ്രായത്തിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി പലപ്പോഴും മോശമാണ്.
ക്വെപെമിലെ ഗവൺമെന്റ് കോളേജിൽ പഠിക്കുന്ന പ്രവിത ഗവോങ്കർ പറയുന്നത് തങ്ങൾ പഠിക്കാനിരിക്കുന്ന തരിശു ഭൂമിയിൽ ധാരാളം പാമ്പുകളെ കാണാറുണ്ട് എന്നാണ്.
"എന്നാൽ ഞങ്ങളുടെ ഓൺലൈൻ ക്ലാസുകൾ നഷ്‌ടപ്പെടുത്താൻ കഴിയാത്തതിനാൽ ഇവിടെ വരികയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല," അവർ പറഞ്ഞു.
പ്രദേശത്തെ എല്ലാ ബിഎസ്‌എൻഎൽ ടവറുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
മോശം ഇന്റർനെറ്റ് കണക്റ്റിവിറ്റിയും വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളും ജില്ലാ കലക്ടറേറ്റിൽ നടന്ന അവലോകന യോഗങ്ങളിൽ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
Read in English: Students trek to hilltop to access Internet for online classes
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us