ബെംഗളുരു: ബാബരി മസ്ജിദ് തകർക്കുന്നതു പുനരാവിഷ്കരിക്കുന്ന നാടകാവതരണവുമായി ആര്‍എസ്എസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ വിദ്യാർഥികൾ. ദക്ഷിണ കന്നഡയിലെ കല്ലഡ്ക്കയിലെ ശ്രീരാമ വിദ്യാകേന്ദ്ര ഹൈസ്‌കൂളിലെ സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതോടെ നിരവധി പേരാണു വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആര്‍എസ്എസിന്റെ തെക്ക്-മധ്യ മേഖലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കല്ലഡ്ക പ്രഭാകര്‍ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വാർഷിക കായികദിന പരിപാടികളുടെ ഭാഗമായാണു ബാബരി മസ്ജിദ് തകർക്കുന്നതു പുനരാവിഷ്കരിക്കുന്ന അവതരണം അരങ്ങേറിയത്.

ഫ്‌ളക്‌സ് ബോര്‍ഡിൽ പ്രിന്റ് ചെയ്ത ബാബരി മസ്ജിദിനു നേര്‍ക്കു പാഞ്ഞടുക്കുന്ന, കുങ്കുമ നിറത്തിലുള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച നൂറിലേറെ വിദ്യാര്‍ഥികള്‍ ‘ബാബരി മസ്ജിദ് തകര്‍ക്കുന്നതായിരുന്നു  അവതരണം. മുതിര്‍ന്ന ഒരാള്‍ കന്നഡ ഭാഷയില്‍ മൈക്കിലൂടെ നല്‍കുന്ന വിവരണത്തിനനുസരിച്ച് വിദ്യാര്‍ഥികൾ ബോർഡിനു നേർക്ക് പാഞ്ഞടുത്തത്.

വിവരണം ഇങ്ങനെയാണ്: ”കൈയില്‍ കിട്ടുന്ന എന്തും ഉപയോഗിച്ച് അവര്‍ കെട്ടിടം തകർക്കുന്നു. ഉത്സാഹത്തോടെ, ഹനുമാന്റെ കോപത്തോടുകൂടിയ ഹനുമാന്‍ ഭക്തര്‍ ബാബറി കെട്ടിടം തകർക്കുന്നു.”

ബോലോ ശ്രീരാമചന്ദ്ര കീ ജയ്, ഭാരത് മാതാ കീ ജയ്, ബോലോ ബജ്‌റംഗ ദള്‍ കീ എന്ന് മുതിര്‍ന്നയാള്‍ ചൊല്ലിക്കൊടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ആവേശത്തോടെ ജയ് വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

”ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയ സമീപകാല സുപ്രീം കോടതി തീരുമാനം വരെയുള്ള ശ്രീരാമ ക്ഷേത്ര ചരിത്രം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ ആവിഷ്കരിച്ചു. മതപരമായ വേര്‍തിരിവ് സൃഷ്ടിക്കുന്ന ഒന്നും പരിപാടിയിലില്ല. സോഷ്യല്‍ മീഡിയയിലെ ആളുകള്‍ പരിപാടിയുടെ ഈ ഭാഗം മാത്രമേ എടുത്തിട്ടുള്ളൂ. ചാന്ദ്രയാന്‍ -2 ദൗത്യവും ഞങ്ങളുടെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചിരുന്നു,” സ്കൂൾ ഉടമ പ്രഭാകര്‍ ഭട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

നാടകത്തില്‍ സാമുദായികമായ ഒന്നുമില്ലെന്നു സ്‌കൂള്‍ പ്രസിഡന്റ് സതീഷ് ഭട്ട് ശിവഗിരിയും പറഞ്ഞു. ”4,000 വിദ്യാര്‍ഥികള്‍ പങ്കെടുത്ത വാര്‍ഷിക കായികദിനത്തിലായിരുന്നു ഈ പരിപാടി. വിവിധ വിഷയങ്ങളില്‍ 20 ഇനങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു അയോധ്യയിലെ ശ്രീരാമ ക്ഷേത്രം സംബന്ധിച്ച ആവിഷ്കാരം. സാമുദായികമായി ഒന്നുമില്ല, വിദ്യാര്‍ഥികള്‍ രാം മന്ദിറിലെ സംഭവവികാസങ്ങള്‍ ആവിഷ്കരിക്കുകയായിരുന്നു,” സതീഷ് ഭട്ട് ശിവഗിരി പറഞ്ഞു.

പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി, കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ, കര്‍ണാടക മന്ത്രി ശശികല ജൊല്ലെ എന്നിവരും മറ്റു രാഷ്ട്രീയ നേതാക്കളും വാര്‍ഷിക പരിപാടിക്കെത്തിയിരുന്നു.

പരിപാടിയുടെ ഒന്നിലധികം വീഡിയോകള്‍ കിരണ്‍ ബേദി ഇന്ന് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ‘അയോധ്യയിലെ നിർദിഷ്ട  ശ്രീരാമ ക്ഷേത്രം സംബന്ധിച്ച സ്‌കൂള്‍ കുട്ടികളുടെ ആവിഷ്കാരം എന്ന കുറിപ്പോടുകൂടിയാണു കിരണ്‍ ബേദി വീഡിയോകള്‍ പങ്കുവച്ചത്. ഇത് ഉൾപ്പെടെയുള്ള  അവതരണങ്ങൾ സ്കൂളിലെ 3800ലേറെ വിദ്യാർഥികളുടെ പങ്കാളിത്തം പരിപാടിയിൽ ഉറപ്പുവരുത്തിയെന്നും  അവർ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook