തിരുവള്ളൂര്‍: അധ്യാപകനും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമായി തമിഴ്‌നാട്ടില്‍ നിന്നൊരു കാഴ്‌ച. സ്ഥലം മാറി പോകുന്ന അധ്യാപകനെ വിടാതെ തടഞ്ഞു വച്ച് വിദ്യാര്‍ത്ഥികള്‍. പൊട്ടിക്കരഞ്ഞും ഗേറ്റ് അടച്ചും അധ്യാപകനെ പിടിച്ചു വച്ചുമായിരുന്നു അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവനെ തിരികെ എത്തിച്ചത്. വിദ്യാര്‍ത്ഥികളുടെ സ്‌നേഹത്തിന് മുന്നില്‍ അധികൃതര്‍ മുട്ടുമടക്കി സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. വെള്ളിങ്ങരം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ ഭഗവാനെയാണ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു വച്ചത്. 2014 ല്‍ സ്‌കൂളിലെത്തിയതാണ് 28 കാരനായ ഈ ഇംഗ്ലീഷ് അധ്യാപകന്‍. തന്റെ കഠിന പരിശ്രമവും വിദ്യാര്‍ത്ഥികളോടുള്ള സ്‌നേഹം കൊണ്ടും അദ്ദേഹം വിദ്യാഭ്യാസത്തില്‍ പിന്നോട്ടായിരുന്ന സ്‌കൂളിനെ മുന്നിലെത്തിച്ചു. ഭഗവാന്‍ സ്‌കൂളിലെത്തിയതു മുതല്‍ എസ്എസ്എല്‍എസി അടക്കമുള്ള പരീക്ഷകളില്‍ പോലും ആരും പരാജയപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ മികവിന്റെ തെളിവ്.

എന്നാല്‍ വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹത്തെ സ്ഥലം മാറ്റാനുള്ള ഉത്തരവ് വരികയായിരുന്നു. സ്‌കൂളിലെ തന്റെ അവസാന ദിവസം അദ്ദേഹത്തെ പുറത്തേക്കു പോകാന്‍ സമ്മതിക്കാതെ വിദ്യാര്‍ഥികള്‍ അധ്യാപകനെ ചേര്‍ത്തുപിടിക്കുകയായിരുന്നു.

സ്‌കൂളിന്റെ ഗേറ്റ് പോലും കടക്കാനനുവദിക്കാതെ അദ്ദേഹത്തെ വിദ്യാര്‍ത്ഥികള്‍ പിടിച്ച് വലിച്ച് ക്ലാസ് മുറിയില്‍ എത്തിക്കുകയായിരുന്നു. തന്നോടുള്ള കുട്ടികളുടെ സ്‌നേഹത്തിന് മുന്നില്‍ അധ്യാപകനും കണ്ണീരടക്കാനായില്ല. ഒടുവില്‍ സ്ഥലം മാറ്റ ഉത്തരവ് അധികൃതര്‍ മരവിപ്പിക്കുകയായിരുന്നു. സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം വിദ്യാഭ്യാസവകുപ്പ് അംഗീകരിക്കാനാണു സാധ്യത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ