ന്യൂഡല്‍ഹി: ജവഹര്‍ നവോദയ-കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഭാരതീയ സംസ്‌കാരത്തിലും മൂല്യങ്ങളിലുമുള്ള അറിവ് പരിശോധിക്കാനായി പ്രത്യേക പരീക്ഷ വരുന്നു. ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ ആന്‍ഡ് ദേവ് സംസ്‌കൃതി യൂണിവേഴ്സിറ്റി എന്ന ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

അഞ്ചാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നവോദയ വിദ്യാലയ സമിതികളുടെ മേഖലാ ഓഫീസുകളില്‍ ഒക്ടോബര്‍ അഞ്ചിന് ലഭിച്ചു. പരീക്ഷയുടെ ചെലവുകളെല്ലാം സംഘടന വഹിച്ചു കൊള്ളുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഇത്തരത്തിലുള്ളൊരു ഉത്തരവ് ഓഗസ്റ്റ് 30-ന് കേന്ദ്രീയ വിദ്യാലയ സ്‌കൂളുകള്‍ക്കും ലഭിച്ചിട്ടുണ്ട്. ദേവ് സംസ്‌കൃതി സര്‍വകലാശാലയുടെ പ്രതിനിധികളുമായി പരീക്ഷ നടത്തുവാന്‍ സഹകരിക്കണമെന്നാണ് ഈ ഉത്തരവില്‍ പറയുന്നത്. അതേസമയം, ഡല്‍ഹിയില്‍ നവംബര്‍ 25-ന് നടത്തുന്ന പരീക്ഷ എല്ലാ വിദ്യാർഥികളും എഴുതണമെന്ന് നിര്‍ബന്ധമില്ലെന്നും ഉത്തരവിലുണ്ട്.

ആചാര്യ ശ്രീറാം ശര്‍മ്മയാണ് ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ എന്ന സംഘടനയുടെ സ്ഥാപകന്‍. വ്യക്തിത്വ വികാസം, കുടുംബക്ഷേമം, സാമൂഹികവികസനം എന്നിവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. നിലവില്‍ പ്രണവ് പാണ്ഡ്യയാണ് സംഘടനയുടെ തലവന്‍.

ചോദ്യാവലിയില്‍ നിന്നുള്ള ചില ചോദ്യങ്ങള്‍:

1. ഏത് ഇനം പശുക്കളിലാണ് സൂര്യ കേതു നാഡിയുള്ളത്?

2. കാറല്‍ മാര്‍ക്‌സിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം ഏതാണ്?

3. അക്ബറിന് ഗംഗാജലത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് വിവരിക്കുന്ന പുസ്തകം?

4. എന്തുകൊണ്ടാണ് ഇന്ത്യയിലെ വീടുകളില്‍ തുളസി ചെടികള്‍ വളര്‍ത്തുന്നത്?

5. ഖുറാനില്‍ എവിടെയാണ് സ്വര്‍ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook