/indian-express-malayalam/media/media_files/uploads/2018/04/paper-love-letter.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശിലെ പത്താം ക്ലാസ്- പ്ലസ് ടു പരീക്ഷാ പേപ്പറുകളില്‍ നിറയെ ജീവിത പ്രാരാബ്ദങ്ങള്‍. കെമിസ്ട്രിയും രസതന്ത്രവും എന്നുവേണ്ട കണക്ക് പരീക്ഷയില്‍ വരെ കഷ്ടപ്പാട് നിറഞ്ഞ കണ്ണീര് പൊടിയുന്ന കഥകളാണ് വിദ്യാര്‍ത്ഥികള്‍ എഴുതി നിറച്ചിരിക്കുന്നത്. 'ഐ ലവ് മൈ പൂജ' എന്ന് എഴുതിയാണ് കെമിസ്ട്രി പേപ്പറില്‍ ഒരു വിദ്യാര്‍ത്ഥി ഉത്തരം ആരംഭിക്കുന്നത്. 'പ്രണയം ഒരു വിചിത്രമായ കാര്യമാണ്. അത് നിങ്ങളെ ജീവിക്കാനോ മരിക്കാനോ അനുവദിക്കില്ല. സര്‍, ഈ പ്രണയം എന്നെ പരീക്ഷയ്ക്ക് പഠിക്കാനും അനുവദിച്ചില്ല', ആദ്യ പേജില്‍ തന്നെ വിദ്യാര്‍ത്ഥി ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്. മറ്റ് പേജുകളും എഴുതാതെ വിട്ടിരിക്കുമ്പോള്‍ ഒരുപേജില്‍ ഒരു ഹൃദയാകൃതിയില്‍ അമ്പ് തറയ്ക്കുന്ന മനോഹരമായ ഒരു ചിത്രവും വരച്ചുവച്ചിട്ടുണ്ട്.
മറ്റ് വിദ്യാര്‍ത്ഥികളുടെ ഉത്തര പേപ്പറുകളിലും ചോദ്യത്തിനുളള ഉത്തരങ്ങളല്ല എഴുതിയിരിക്കുന്നത്. കൂടാതെ ചില ഉത്തര പേപ്പറുകള്‍ക്കൊപ്പം കറന്‍സി നോട്ടുകളും ചേര്‍ത്ത് കെട്ടിവച്ചിട്ടുണ്ട്. 'ഗുരുജി, എന്റെ ഉത്തരങ്ങള്‍ നോക്കും മുമ്പ് എന്റെ ആശംസ നിങ്ങള്‍ നോക്കണം. എന്നെ ദയവ് ചെയ്ത് വിജയിപ്പിക്കണം. ഓ, എന്റെ കത്തേ... നീ പറന്നു ചെന്ന് ടീച്ചറുടെ കൈയ്യിലെത്തണം. അദ്ദേഹം എന്നെ വിജയിപ്പിക്കുമോ എന്നത് അദ്ദേഹത്തിന്റെ കൈയ്യിലാണ്', മറ്റൊരു ഉത്തര പേപ്പറിലെ ഉളളടക്കമാണിത്.
തനിക്ക് മാതാവ് ഇല്ലെന്നും പരീക്ഷയില്‍ തോറ്റാൽ പിതാവ് തന്നെ കൊല്ലുമെന്നും ഒരു വിദ്യാര്‍ത്ഥി എഴുതി വച്ചു. തോറ്റാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് മറ്റൊരു വിദ്യാര്‍ത്ഥി എഴുതിയത്. മാര്‍ച്ച് 17നാണ് പരീക്ഷ പേപ്പറുകള്‍ നോക്കിത്തുടങ്ങിയത്. 248 കേന്ദ്രങ്ങളിലായാണ് യുപിയില്‍ പേപ്പറുകള്‍ നോക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.