/indian-express-malayalam/media/media_files/uploads/2022/02/students-from-kerala-stranded-in-ukraine-russia-border-pleads-for-help-622546-FI.jpeg)
ഇന്നലെ യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥികള്‍
കീവ്: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് വിവിദ രാജ്യങ്ങളില്‍ നിന്നും യുക്രൈനില്‍ എത്തിയ വിദ്യാര്‍ഥികള്‍. യുക്രൈന്‍-റഷ്യ അതിര്‍ത്തി പ്രദേശമായ സുമിയിലുള്ള വിദ്യാര്‍ഥികളാണ് നാട്ടിലേക്ക് മടങ്ങാനാകുമൊ എന്ന ആശങ്കയില്‍ തുടരുന്നത്. ഓരോ ദിവസം കഴിയും തോറും സാഹചര്യം കൂടുതല്‍ ഗുരുതരമാവുകയാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
"റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന സുമിയെന്ന മേഖലയിലാണ് ഞങ്ങള്‍. ഇവിടെ സ്ഥിതിഗതികള്‍ അനുകൂലമല്ല, വളരെ അപകടകരമാണ്. ബോംബിങ്ങും വെടിവെയ്പ്പുമെല്ലാമാണ് ഇവിടെ. സുരക്ഷിതരല്ല ഞങ്ങള്‍. ആക്രമണം കൂടുമ്പോള്‍ ബങ്കറിലേക്ക് പോകും, പിന്നെ തിരിച്ചുവരും. നാളെ ജീവനോടെയുണ്ടാകുമൊ എന്നറിയില്ല. ചിലപ്പോള്‍ മറ്റൊരു പ്രദേശത്തേക്കായിരിക്കും പോവുക," ശ്വേത രാജ് എന്ന മലയാളി വിദ്യാര്‍ഥി മനോരമ ന്യൂസിനോട് പറഞ്ഞു.
സഞ്ചരിക്കുന്ന വഴിയില്‍ ബോംബ് വീണ് ഞങ്ങള്‍ മരണപ്പെട്ടേക്കാം. ഞങ്ങളെ ഇവിടെ നിന്ന് രക്ഷപ്പെടുത്താന്‍ ഇന്ത്യയിലുള്ള അധികാരികളോട് അപേക്ഷിക്കുകയാണ്. പോളണ്ട്, ഹംഗറി അതിര്‍ത്തികളിലേക്ക് യാത്ര ചെയ്യാന്‍ ഞങ്ങള്‍ സാധിക്കില്ല. അങ്ങോട്ട് പോകണമെങ്കില്‍ കീവ് താണ്ടണം. 20 മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്യേണ്ടി വരും. റഷ്യം സൈന്യം ശക്തമായി ആക്രമിക്കുന്ന സാഹചര്യത്തില്‍ അത് വളരെ അപകടകരമാണ്," ശ്വേത കൂട്ടിച്ചേര്‍ത്തു.
"ഏറ്റവും അടുത്തുള്ള അതിര്‍ത്തി രാജ്യം റഷ്യയാണ്. അത് വഴി ഞങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തണമെന്ന് അപേക്ഷിക്കുകയാണ്. ഞങ്ങളുടെ അധ്യാപകരും ഇവിടെയുള്ള അധികൃതരും ശ്രമിക്കുന്നുണ്ട്. പക്ഷെ ഓരോ ദിവസം കഴിയും തോറും സുരക്ഷിതത്വം നഷ്ടപ്പെടുകയാണ്. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ല. ദയവായി സഹായിക്കുക," ശ്വേത വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.