പുണെ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കായി സംഘടിപ്പിച്ച പരിപാടിയില്‍ മോദിക്കായി മുദ്രാവാക്യം മുഴക്കി വിദ്യാർഥികള്‍. മഹാരാഷ്ട്രയിലെ പുണെയിൽ വെളളിയാഴ്ചയായിരുന്നു സംഭവം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുളള വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

മോദിയെ കുറിച്ച് രാഹുല്‍ സംസാരിച്ചപ്പോഴാണ് ചില വിദ്യാർഥികള്‍ മോദിക്കായി മുദ്രാവാക്യം മുഴക്കിയത്. ‘എനിക്ക് മോദിയെ ഇഷ്ടമാണ്. വളരെ സത്യസന്ധമായി പറഞ്ഞാല്‍ അദ്ദേഹത്തോട് എനിക്ക് യാതൊരു വിധ വെറുപ്പോ ദേഷ്യമോ ഇല്ല. അദ്ദേഹത്തിന് എന്നോടാണ് വെറുപ്പ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് കേട്ടയുടനെ ആണ് ചില വിദ്യാർഥികള്‍ ‘മോദി മോദി’ എന്ന് ഉറക്കെ മുദ്രാവാക്യം മുഴക്കിയത്.

Read: ഞാൻ നരേന്ദ്ര മോദിയെ സ്‌നേഹിക്കുന്നു: രാഹുൽ ഗാന്ധി

‘യാതൊരു പ്രശ്നവും ഇല്ല’ എന്നാണ് രാഹുല്‍ ഗാന്ധി ഉടനെ മറുപടി പറഞ്ഞത്. ‘വെറുപ്പ് കാരണം താത്കാലികമായി കണ്ണ് മൂടി പോയവരോടും’ തനിക്ക് സ്നേഹം മാത്രമേ ഉളളുവെന്ന് സംവാദത്തിന് ശേഷം രാഹുല്‍ പ്രതികരിച്ചു. ‘വിദ്വേഷം ഭീരുത്വമാണ്. ഈ ലോകം മുഴുവന്‍ വിദ്വേഷം നിറഞ്ഞാലും എനിക്ക് കുഴപ്പമില്ല. ഞാനൊരു ഭീരുവല്ല. വെറുപ്പിനും വിദ്വേഷത്തിനും പിന്നില്‍ ഞാന്‍ ഒളിക്കില്ല. എല്ലാ ജീവനുകളും എനിക്കിഷ്ടമാണ്. അതില്‍ വെറുപ്പ് കാരണം താത്കാലികമായി കണ്ണ് മൂടി പോയവരും ഉള്‍പ്പെടും,’ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook