മിര്‍സാപുര്‍: കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കിയത് ചപ്പാത്തിയും ഉപ്പും. സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചയ്ക്ക് ഉപ്പും ചപ്പാത്തിയും നല്‍കിയത്. വിദ്യാർഥികളെ സ്കൂളിലെ വരാന്തയിൽ നിരത്തിയിരുത്തി ഉച്ചഭക്ഷണം നൽകുന്നത് വീഡിയോയിൽ കാണാം. കറികളൊന്നും ഇല്ലാതെ കുട്ടികൾ ചപ്പാത്തി ഉപ്പിൽ മുക്കിയാണ് കഴിക്കുന്നത്. ഇതും വീഡിയോയിൽ നിന്ന് വ്യക്തമാണ്. ചപ്പാത്തി കഴിക്കാൻ യാതൊരു തരത്തിലുള്ള കറികളും കുട്ടികൾക്ക് നൽകിയിട്ടില്ല. സോഷ്യൽ മീഡിയയിൽ വീഡിയോ ചർച്ചയായതോടെ വിമർശനങ്ങളും ഉയർന്നു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർക്കെതിരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. ചുമതലക്കാരിയായ അധ്യാപികയെയും ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്‌പെന്‍ഡ് ചെയ്തു. ചില ദിവസങ്ങളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് ചോറും ഉപ്പുമാണ് നൽകുന്നതെന്നും റിപ്പോർട്ട് ഉണ്ട്.

രാജ്യത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് പോഷക ആഹാരം നൽകുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതി നിലവിലുണ്ട്. എന്നാൽ, ഇവിടുത്തെ വിദ്യാർഥികൾക്ക് അതൊന്നും ലഭിക്കുന്നില്ല. പദ്ധതി പ്രകാരം പ്രതിദിനം ഒരു കുട്ടിക്ക് കുറഞ്ഞത് 450 കലോറിയും 12 ഗ്രാം പ്രോട്ടീനുമുള്ള ഭക്ഷണം നല്‍കണം. വര്‍ഷത്തില്‍ കുറഞ്ഞത് 200 ദിവസവമെങ്കിലും ആഹാരം നല്‍കുകയും വേണമെന്ന മാനദണ്ഡമാണ് പദ്ധതിയിൽ ഉള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook