ഛണ്ഡീഗഡ്: ഫീസ്‌ വര്‍ദ്ധനയ്ക്കെതിരെ സമരം ചെയ്ത അറുപത്താറോളം പഞ്ചാബ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികൾക്കെതിരെ  രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി. ചൊവ്വാഴ്ച്ചയാണ് പഞ്ചാബ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികൾക്കു മേല്‍ സമരത്തിന്‍റെ പേരില്‍ ചണ്ഡിഗഡ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികൾ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദേശദ്രോഹപരമാണ് എന്ന പരാതിയിലാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, പൊലീസ് തന്‍റെ പരാതിയെ തെറ്റായി മനസ്സിലാക്കികൊണ്ടാണ് കേസ് എടുത്തിരിക്കുന്നു എന്ന് പരാതിക്കാരന്‍ തന്നെ പറയുന്നു.

” പഞ്ചാബ് സര്‍വ്വകലാശാലയ്ക്കു വേണ്ടി പൊലീസില്‍ പരാതി പറഞ്ഞത് ഞാനാണ്. ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നു എന്നായിരുന്നു എന്റെ പരാതി. ‘ഭരണകൂടം’ എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചത്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും യു ജി സിക്കും പഞ്ചാബ് സര്‍വ്വകലാശാലയ്ക്കും എതിരേയുള്ള മുദ്രാവാക്യങ്ങളാണ്. മന്ത്രാലയത്തിനും സര്‍വ്വകലാശാലക്കും യുജിസിക്കും എതിരെ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ മുര്‍ദാബാദ്‌ വിളിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരാതി. എന്നാല്‍ പരാതി തെറ്റിദ്ധരിച്ച പൊലീസ് വിദ്യാര്‍ത്ഥികൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. ഞാന്‍ സി സി ടി വി റെക്കോര്‍ഡ്‌ ചെയ്ത സമരരംഗങ്ങളിലൂടെ കടന്നുപോവുകയുണ്ടായി. അതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിനു വിശദീകരണവും നല്‍കിയിട്ടുണ്ട്. ” പഞ്ചാബ് സര്‍വ്വകലാശാലയിലെ പ്രധാന സുരക്ഷ ഉദ്യോഗസ്ഥന്‍ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

“പൊലീസ് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചാര്‍ത്തി എന്നത് ശരിയാണ്. പക്ഷെ അതിനു തെളിവില്ല എന്ന് വരികയാണ് എങ്കില്‍ തീര്‍ച്ചയായും ആ കേസ് ഒഴിവാക്കുന്നതാണ്.” ചണ്ഡിഗഡ്  പൊലീസ്  എസ് എസ് പി എയിഷ് സിംഘല്‍ പറഞ്ഞു.

ചൊവ്വാഴ്ച്ച നടന്ന പ്രതിഷേധത്തില്‍ ഇരുപത്തിരണ്ടു പോലീസുകാര്‍ അടക്കം ഏതാണ്ട് നാല്‍പതു പേര്‍ക്ക് പരുക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ മൂന്നുപേര്‍ പിജിഐ ആശുപത്രിയില്‍ ചികിത്സയിലുമാണ്. കുറഞ്ഞത് 52 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇവരെ ബുധനാഴ്ച്ച കോടതിയില്‍ ഹാജരാക്കും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ