ന്യൂഡല്‍ഹി: സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തിരുത്തി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിദ്യാര്‍ത്ഥിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്ന് സൂചിപ്പിച്ചതാണ് വിദേശകാര്യമന്ത്രിയെ ചൊടിപ്പിച്ചത്. ഫിലിപ്പീന്‍സില്‍ പഠിക്കുന്ന ഷൈഖ് അതീഖ് എന്ന വിദ്യാര്‍ത്ഥി പുതിയ പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനാണ് സുഷമ സ്വരാജിന്റെ സഹായം തേടിയത്.

ആരോഗ്യം മോശമാണെന്നും ഇന്ത്യയിലെ വീട്ടിലേക്ക് തിരികെ എത്താന്‍ പുതിയ പാസ്‌പോര്‍ട്ടിനായി സഹായിക്കണമെന്നും ഷൈഖ് ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു. ‘ജമ്മു കശ്മീരില്‍ നിന്നും ഫിലിപ്പീന്‍സിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ഞാന്‍. പാസ്‌പോര്‍ട്ട് കൈമോശം വന്നതിനാല്‍ ഒരുമാസം മുമ്പ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയിരുന്നു. പാസ്‌പോര്‍ട്ട് ശരിയാക്കി തന്ന് എന്നെ നാട്ടിലെത്തിക്കാന്‍ സഹായിക്കണം’, ഷൈഖ് ട്വീറ്റ് ചെയ്തു. ഏപ്രില്‍ 5നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ട്വിറ്ററില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രതികരിക്കാറുളള സുഷമ സ്വരാജിന്റെ മറുപടി ഏറെ വൈകാതെ തന്നെ വന്നു. ‘ജമ്മു കശ്മീരില്‍ നിന്നുളള സ്വദേശിയാണ് നിങ്ങളെങ്കില്‍ ഞങ്ങള്‍ സഹായിക്കുമായിരുന്നു. എന്നാല്‍ നിങ്ങളുടെ പ്രൊഫൈലില്‍ നിങ്ങള്‍ ‘ഇന്ത്യന്‍ അധീന കശ്മീര്‍’ സ്വദേശിയാണ് എന്നാണ് പറയുന്നത്. അങ്ങനെയൊരു സ്ഥലം ഇല്ല’, ഇതായിരുന്നു സുഷമ സ്വരാജിന്റെ മറുപടി.

ഉടന്‍ തന്നെ ഷൈഖ് ട്വിറ്ററില്‍ സ്ഥലപ്പേര് തിരുത്തി ‘ജമ്മു കശ്മീര്‍/ മനില’ എന്നാക്കി മാറ്റി. ഇതിന് പിന്നാലെ വിദേശകാര്യമന്ത്രി തിരുത്ത് കണ്ട് സന്തോഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു.

പ്രൊഫൈലില്‍ തിരുത്ത് കണ്ടതില്‍ സന്തോഷവതിയാണെന്ന് പറഞ്ഞ സുഷമ ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ എംബസിയോട് വിദ്യാര്‍ത്ഥിക്ക് വേണ്ട സഹായം നല്‍കാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. സുഷമയുടെ ഇരു ട്വീറ്റുകളും 5,000ത്തോളം പേരാണ് ഷെയര്‍ ചെയ്തിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ