കൊല്‍ക്കത്ത: കുംഭകോണ ആരോപണങ്ങള്‍, കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുകള്‍, പ്രധാന നേതാക്കളെ അറസ്റ്റുചെയ്യല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ നിരവധി ജനവിഭാഗങ്ങളുടെ പ്രതിഷേധം ശക്തമാകുന്ന പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) സര്‍ക്കാര്‍ മറ്റൊരു സമ്മര്‍ദത്തെ അഭിമുഖീകരിക്കുകയാണ്.
മമതാ ബാനര്‍ജി സര്‍ക്കാരിന്റെ നിയമസാധുയ്‌ക്കെതിരായ ആക്രമണങ്ങള്‍ മൂലമാണെന്ന് മനസ്സിലാക്കിയ സംസ്ഥാനത്തെ ഇടതുപാര്‍ട്ടികളുമായി സഹകരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ അനിശ്ചിതത്വത്തിലായ കോളേജുകളിലും സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി.
സി.പി.ഐ.എമ്മിന്റെ സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ), എസ്.യു.സി.ഐ.(സി) യുടെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എ.ഐ.ഡി.എസ്.ഒ.) തുടങ്ങിയ സംഘടനകള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ ആവശ്യപ്പെട്ട് സര്‍വകലാശാലകളിലും കോളേജുകളിലും കൊല്‍ക്കത്തയിലെ തെരുവുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിവരികയാണ്.
ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ വെള്ളിയാഴ്ച എസ്എഫ്‌ഐ സംസ്ഥാന നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പിന്മേലുള്ള മൊറട്ടോറിയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് എന്ന് വിശ്വസിക്കപ്പെടുന്ന ടിഎംസി യുടെ വിദ്യാര്‍ത്ഥി സംഘടനയായ തൃണമൂല്‍ ഛത്ര പരിഷത്ത് പോലും ഇപ്പോള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള ആവശ്യത്തെ പിന്തുണക്കുകയാണ്.
മെയ് മാസത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഈ തിരഞ്ഞെടുപ്പ് നടത്തില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു വ്യക്തമാക്കി. ”ഞങ്ങള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തും. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും ഉടന്‍ വരാനിരിക്കുന്നതിനാല്‍ രണ്ടാമത് മുന്‍ഗണന നല്‍കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്താനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” ബ്രത്യ ബസു പറഞ്ഞു. ക്യാമ്പസുകളിലുടനീളമുള്ള വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് പ്രത്യേക ദിവസങ്ങളില്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘വടക്കന്‍ ബംഗാള്‍, ദക്ഷിണ ബംഗാള്‍, മറ്റ് ബെല്‍റ്റുകള്‍ എന്നിവിടങ്ങളിലെ കോളേജുകളിലും സര്‍വ്വകലാശാലകളിലും തിരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളില്‍ നടക്കും, എന്നാല്‍ ഞാന്‍ ഇതുവരെ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, കോളേജുകളിലും സര്‍വ്വകലാശാലകളിലും ഉടനീളം സ്വതന്ത്രവും നീതിയുക്തവുമായ’ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു, കൂടാതെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥി സംഘടനകള്‍ അതില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് നടത്തുമോ എന്ന് പോലും വ്യക്തമല്ലെന്ന് സംസ്ഥാന ഭതണത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
2011-ല്‍ മമത ബാനര്‍ജി അധികാരത്തില്‍ വരുന്നതിന് മുമ്പ്, സംസ്ഥാനത്തുടനീളം എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് പതിവായി നടന്നിരുന്നു. മമതാ ബാനര്‍ജി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ രണ്ട് വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് കൃത്യമായി നടന്നുവെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ 2013ലെ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങള്‍ക്ക് ശേഷം ഇവ കൃത്യമായി നടന്നില്ല.
2013 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചില്‍ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമണത്തില്‍ ഒരു പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു. ഈ സംഭവത്തിന് ശേഷം, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ആറ് മാസത്തേക്ക് നിര്‍ത്തിവച്ചു. 2016ന് ശേഷം സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലും കോളേജുകളിലും തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019-ല്‍, നാല് സ്റ്റാന്‍ഡ്-എലോണ്‍ സര്‍വ്വകലാശാലകളില്‍ തുടങ്ങി വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് വീണ്ടും നടന്നു. എന്നാല്‍ ഈ പ്രക്രിയ കോവിഡിനെ തുടര്‍ന്ന് തടസ്സപ്പെട്ടു.
‘2013 ആയപ്പോഴേക്കും സംസ്ഥാനത്തുടനീളമുള്ള എല്ലാ വിദ്യാര്‍ത്ഥി യൂണിയനുകളും ടിഎംസി ഗുണ്ടകള്‍ പിടിച്ചെടുത്തു, അവര്‍ അന്നുമുതല്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. മറുവശത്ത്, ജനാധിപത്യ ഇടങ്ങള്‍ ചുരുങ്ങുമ്പോള്‍, കോളേജ്, യൂണിവേഴ്‌സിറ്റി അധികാരികള്‍ അവരുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. ഞങ്ങള്‍ ഇതിന് എതിരാണ്, വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. പ്രസിഡന്‍സി കോളേജ് എസ്എഫ്‌ഐ നേതാവ് റിഷവ് സാഹ പറഞ്ഞു.
”ഞങ്ങള്‍ എല്ലായ്‌പ്പോഴും ജനാധിപത്യ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പിന് വേണ്ടിയാണ്. എന്നാല്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ എല്ലായ്പ്പോഴും ഇത് മറികടക്കാന്‍ ശ്രമിച്ചു, കാരണം വിദ്യാര്‍ത്ഥികള്‍ അവ നിരസിക്കുമെന്ന് അവര്‍ക്കറിയാം. വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തില്‍ മമതാ ബാനര്‍ജിയും നരേന്ദ്ര മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. എഐഡിഎസ്ഒ നേതാവ് ശംസുല്‍ ആലം പറഞ്ഞു,
”ഞങ്ങളും വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നു. 2019ല്‍ അവ പുനരാരംഭിച്ചെങ്കിലും കോവിഡ് കാരണം നടപടി നിര്‍ത്തിവച്ചു. പകര്‍ച്ചവ്യാധി ശമിച്ചുകഴിഞ്ഞാല്‍, വിദ്യാഭ്യാസ പ്രക്രിയ സാധാരണ നിലയിലാക്കുക എന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയായിരുന്നു, അത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ താല്‍പ്പര്യപ്പെടുന്നു. തിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന സംഘടനകള്‍ക്ക് കലാലയങ്ങളില്‍ ബഹുജന അടിത്തറയില്ല, അത് കാണിക്കുക മാത്രമാണ് ചെയ്യുന്നത്. ടിഎംസിപി നേതൃത്വം വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനെ പരസ്യമായി അനുകൂലിക്കുന്നുണ്ടെന്നും സംസ്ഥാന ഘടകം പ്രസിഡന്റ് തൃണങ്കൂര്‍ ഭട്ടാചാര്യ പറഞ്ഞു.