ആലിംഗന വിവാദത്തിൽ സ്കൂളിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥിക്ക് പ്ലസ് ടുവിന് മികച്ച വിജയം

മുക്കോല സെന്റ് തോമസ് സ്കൂളിൽ നിന്നും സദാചാര പൊലീസിങ്ങിന്റെ ഭാഗമായി നാല് മാസത്തിലേറെ പുറത്ത് നിർത്തിയ വിദ്യാർത്ഥിയാണ് 90 ശതമാനത്തിലേറെ മാർക്ക് വാങ്ങി പ്ലസ് ടു വിജയിച്ചത്

തിരുവനന്തപുരം: ആലിംഗനം ചെയ്ത് അഭിനന്ദിച്ചതിന് സ്കൂൾ പുറത്താക്കിയ വിദ്യാർത്ഥിക്ക് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം. പ്ലസ് ടു കൊമേഴ്സ് വിഭാഗത്തിൽ 91.02 ശതമാനം മാർക്കോടെയാണ് ഈ​ കുട്ടി മികച്ച വിജയം നേടിയത്.

മുക്കോല സെന്റ് തോമസ് സ്കൂളിലെ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ പെൺകുട്ടിയെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചതിനാണ് പെൺകുട്ടിയെയും ആൺകുട്ടിയെയും അഞ്ച് മാസക്കാലം സ്കൂൾ പുറത്തു നിർത്തിയത്.

ജനുവരിയിൽ​ സ്കൂൾ തുറന്നപ്പോൾ ഇവരെ  തിരികെ പ്രവേശിപ്പിച്ചിരുന്നു. ഈ വിവാദത്തിൽ​ പുറത്തുനിൽക്കേണ്ടിവന്ന കുട്ടികൾക്ക്  നാല് മാസത്തിലേറെ  ക്ലാസ് നഷ്ടമായിരുന്നു.  ആ ക്ലാസ് നഷ്ടപ്പെട്ടാണ്  പരീക്ഷയെഴുതിയത്. മാനസിക പീഡനവും ക്ലാസ് നഷ്ടവും അനുഭവിച്ച് പരീക്ഷയെഴുതിയ കുട്ടി നേടിയത് മികച്ച വിജയമാണ്.

മകന് ഇനി എൽഎൽബിയ്ക്കോ ബിബിഎയ്ക്കോ പോകാനാണ് താൽപര്യമെന്ന് അച്ഛൻ പറഞ്ഞു. നാല് മാസത്തിലേറെ സ്കൂളിലെ ക്ലാസ് നഷ്ടപ്പെട്ടിട്ടും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലഭിച്ച പിന്തുണ കൊണ്ടാണ് മകൻ മാനസികമായി തളരാതിരുന്നത്. മാധ്യമങ്ങളും പൊതുസമൂഹവും പിന്തുണച്ചതുകൊണ്ടാണ് തിരികെ സ്കൂളിൽ ചേരാൻ സാധിച്ചതും മികച്ച വിജയം നേടാൻ കഴിഞ്ഞതും. ആ സന്തോഷം പങ്ക് വച്ച് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

2017 ജൂണിലാണ് സ്കൂൾ തുറന്നത്. 2017 ജൂലൈയിലാണ് സ്കൂൾ അധികൃതരിലെ സദാചാര പൊലീസ് സടകുടഞ്ഞെഴുന്നേറ്റ നടപടി ഉണ്ടായത്. കലോത്സവത്തിൽ​ മികച്ച പ്രകടനം കാഴ്ചവച്ച സുഹൃത്തും ജൂനിയറുമായ പെൺകുട്ടിയെ ആൺകുട്ടി ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതാണ് സ്കൂൾ മാനേജ്മെന്റിനെ പ്രകോപിപ്പിച്ചത്. അവർ ഇരുവർക്കെതിരെയും നടപടിയുമായി മുന്നോട്ട് നീങ്ങി.  ഓഗസ്റ്റ് 21 നാണ് മാർത്തോമ്മ ചർച്ച് എജ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലെ വിദ്യാർഥികളെ അധികൃതർ പുറത്താക്കിയത്.

സ്കൂളിന്റെ നടപടിയെ തളളി ബാലവകാശ കമ്മീഷൻ വിധി വന്നു. ബാലവകാശ കമ്മീഷൻ വിധിക്കെതിരെ കേരളാ ഹൈക്കോടതിയെ സ്കൂൾ മാനേജ്മെന്റ് സമീപിച്ചു. ഹൈക്കോടതി വിധി സ്കൂൾ മാനേജ്മെന്റിന് അനുകൂലമായിരുന്നു.  വിദ്യാർത്ഥികളുടെ നടപടി സ്‌കൂളിന്റെ സൽപേരിനെ ബാധിച്ചു എന്ന് വിലയിരുത്തിയ കോടതി തിരിച്ചെടുക്കേണ്ട കാര്യം പ്രിൻസിപ്പലിന്റെ അധികാര പരിധിയിൽ ഉള്ളതാണെന്ന് ഉത്തരവിൽ പറഞ്ഞു.

ഇരു കൂട്ടർക്കും സമ്മതമാകുന്ന തരത്തിൽ ഒരു തീരുമാനം കൈകൊള്ളാൻ കോടതി നിർദേശിക്കുകയും ചെയ്തു. സ്കൂളിന് പുറത്ത് ഈ​ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. ശശിതരൂർ എംപി ഉൾപ്പടെയുളളവർ വിഷയത്തിൽ ഇടപെട്ടു. ഡിസംബറോടെ സംഭവം ഒത്തുതീർപ്പാക്കി.

പെൺകുട്ടിക്ക് ക്രിസ്‌മസ് അവധികഴിഞ്ഞ് സ്കൂൾ തുറക്കുന്ന ജനുവരി മൂന്നാം തീയിതി മുതൽ സ്കൂളിൽ കയറാനും ആൺകുട്ടിക്ക് നാലാം തീയതി വ്യാഴാഴ്‌ച ആരംഭിക്കുന്ന പരീക്ഷ എഴുതാനും അനുതി നൽകി. ഡിസംബർ 31 ന് ഇരുവീട്ടുകാരും സ്കൂൾ മാനേജ്മെന്രും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ശശിതരൂർ എംപിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീർപ്പുണ്ടായത്.

നാല് മാസത്തിലേറെ പുറത്ത് നിർത്തിയ വിദ്യാർത്ഥികൾക്ക് ആവശ്യമായ അറ്റന്റൻസ് ഇല്ലെന്നും സിബിഎസ്ഇയുടെ പ്രത്യേക അനുമതി വേണമെന്നും സ്കൂൾ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ സിബിഎസ്ഇ കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Student out from school for hugging get 91 percentage mark in cbse plus two exam

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com