ഗുഡ്ഗാവ്: ഇന്നലെ രാവിലെ കുറേ നിര്‍ബന്ധിച്ചാണ് പ്രദ്ധുമാനെ വിനോദ് ഉറക്കത്തില്‍ നിന്നെണീപ്പിച്ചത്. പ്രഭാത കൃത്യങ്ങള്‍ക്കു ശേഷം മകനേയും മകളേയും റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഗേറ്റിനു പുറത്ത് കൊണ്ടുവിട്ടു. ഇരുവരും അച്ഛനെ നോക്കി കൈവീശിക്കാണിച്ചു. വിനോദ് തിരിച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് വിനോദിന് ഭാര്യയുടെ ഫോണ്‍ വിളിയെത്തുന്നത്. പിന്നീട് ആ അച്ഛന്‍ കണ്ടത് തന്റെ കുഞ്ഞിന്റെ ചേതനയറ്റ ശരീരമായിരുന്നു.

Read More: റയാന്‍ സ്കൂളില്‍ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: ബസ് ഡ്രൈവര്‍ അറസ്റ്റില്‍

‘അവരെന്റെ കുഞ്ഞിന്റെ കഴുത്തു മുറിച്ചു കളഞ്ഞു. ഡോക്ടര്‍ പറഞ്ഞത് കൊലയാളി രണ്ടു തവണ അവനെ കുത്തിയിരുന്നു എന്നാണ്. ചെവിയില്‍ നിന്നു തുടങ്ങി തൊണ്ടയിലവസാനിക്കുന്ന ഒരു വലിയ മുറിവ് അവന്റെ കുഞ്ഞു ശരീരത്തില്‍ ഉണ്ടായിരുന്നു. അവന്റെ ചെവി അവര്‍ മുറിച്ചിരുന്നു. ഞാനൊരിക്കലും കരുതിയില്ല എന്റെ കുഞ്ഞിനെ ഇങ്ങനെ കാണേണ്ടി വരുമെന്ന്.’ ഉള്ളില്‍ നിന്നു വന്ന നിലവിളി തൊണ്ടയില്‍ കുടുങ്ങി ആ അച്ഛന്.

ഗുഡ്ഗാവ് പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വിനോദിനൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു. മകള്‍ക്കും ഭാര്യയ്ക്കും മകന്റെ ജീവനില്ലാത്ത ശരീരം കണ്ടുനില്‍ക്കാനുള്ള കരുത്തില്ലെന്നു മനസിലാക്കിയ ആ അച്ഛന്‍ തന്റെ കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും ഏറ്റുവാങ്ങാന്‍ തയാറായില്ല. തന്റെ അമ്മ കൂടി വരാന്‍ കാത്തിരിക്കുകയായിരുന്നു വിനോദ്.

Read More: സ്‌കൂളിലെ ശൗചാലയത്തില്‍ എഴു വയസുകാരന്റെ മൃതദേഹം

കഴിഞ്ഞ ദിവസമാണ് ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളിന്റെ ശൗചാലയത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായതോടെ സ്‌കൂള്‍ അധ്യാപകര്‍ നടത്തിയ തിരച്ചിലിനിടെയാണ് വെള്ളിയാഴ്ച രാവിലെ 8.30യോടെ മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്തു നിന്ന് ഒരു കത്തിയും കണ്ടെത്തിയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗിക പീഡനത്തിനിടെയാണ് കൊല നടന്നതെന്നാണ് പൊലീസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ