ന്യൂയോർക്ക്: യുഎസിൽ കൻസാസ് സിറ്റിയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ വെടിവച്ചു കൊന്നു. തെലങ്കാന സ്വദേശിയായ ശരത് കോപ്പു (25) ആണ് കൊല്ലപ്പെട്ടത്. മിസൂറിയിലെ റസ്റ്ററന്റിൽവച്ചാണ് ശരത്തിന് വെടിയേറ്റത്. മിസൂറി-കൻസാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ശരത് റസ്റ്ററന്റിൽ പാർട് ടൈമായി ജോലി ചെയ്‌തു വരികയായിരുന്നു. കവർച്ചാ ശ്രമത്തിനിടെയാകാം കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രാദേശിക സമയം രാത്രി 7 മണിയോടെയാണ് ശരതിനെ റസ്റ്ററന്റിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരത്തിനെ വെടിവച്ച ആക്രമിയുടേതെന്നു കരുതുന്ന ഒരാളുടെ വീഡിയോ ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽനിന്നുളള ശരത് എൻജീയറിങ് പൂർത്തിയാക്കിയശേഷം ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജീനിയറായി ജോലി ചെയ്തു. പിന്നീട് ജോലി ഉപേക്ഷിച്ച് ഉപരി പഠനത്തിനായി യുഎസിലേക്ക് പോവുകയായിരുന്നു.

കൻസാസ് സിറ്റിയിൽവച്ച് ഹൈദരാബാദിൽനിന്നുളള ടെക്കിയായ 32 കാരൻ ശ്രീനിവാസ് ബാറിൽവച്ച് കൊല്ലപ്പെട്ടിട്ട് ഒരു വർഷംം പിന്നിടുമ്പോഴാണ് ഇപ്പോഴത്തെ സംഭവം. 2017 ഫെബ്രുവരി 22 ന് യുഎസ് നാവിക ഉദ്യോഗസ്ഥനാണ് ശ്രീനിവാസിനെ വെടിവച്ചുകൊന്നത്. എന്റെ രാജ്യത്തു നിന്നു പുറത്തു പോകൂ എന്നു ഉറക്കെ ആക്രോശിച്ചുകൊണ്ടാണ് ഇയാൾ ശ്രീനിവാസനുനേരെ വെടിയുതിർത്തത്. കേസിൽ നാവിക ഉദ്യോഗസ്ഥനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook