ലക്‌നൗ: സ്കൂളില്‍ നിന്നും അച്ചടക്ക നടപടി നേരിട്ട് പുറത്തായ വിദ്യാര്‍ത്ഥി തിരികെ എത്തി പ്രിന്‍സിപ്പലിനെ വെടിവച്ചു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. ബുധനാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ ആക്രമിച്ചത്.
തോളിന് വെടിയേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കിയത്. മറ്റൊരു കുട്ടിയെ ആക്രിച്ചതിനായിരുന്നു സ്കൂള്‍ അധികൃതര്‍ നടപടി എടുത്തത്. ബുധനാഴ്ച രാവിലെ മാതാവിനേയും കൂട്ടി വിദ്യാര്‍ത്ഥി സ്കൂളിലെത്തിയെങ്കിലും ക്ലാസിൽ പ്രവേശിപ്പിക്കാന്‍ പ്രിന്‍സിപ്പൽ തയ്യാറായില്ല. ‘സ്കൂളില്‍ അക്രമം കാണിച്ചത് കൊണ്ടാണ് കുട്ടിയെ പുറത്താക്കിയത്. രാവിലെ മാതാവിനേയും കൂട്ടി വിദ്യാര്‍ത്ഥി എന്നെ കാണാനെത്തിയിരുന്നു. എന്നാല്‍ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന് ഞാന്‍ അറിയിച്ച് അവരെ മടക്കി അയച്ചു’, പ്രിന്‍സിപ്പൽ പറഞ്ഞു.
മാതാവിനോടൊപ്പം പോയ വിദ്യാര്‍ത്ഥി വീണ്ടും സ്കൂളിലേക്ക് തിരികെ എത്തുകയായിരുന്നു. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് കുട്ടി എത്തിയത് എന്നായിരുന്നു പ്രിന്‍സിപ്പൽ കരുതിയത്. എന്നാല്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം ഒഴിഞ്ഞ് മാറിയതോടെ വെടിയുണ്ട തോളിലാണ് കൊണ്ടത്. ‘ടിസി വാങ്ങാനെത്തിയതാണ് കുട്ടിയെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ നോക്കി നില്‍ക്കെ അവന്‍ തോക്കെടുത്ത് എന്റെ തലയ്ക്ക് നേരെ ചൂണ്ടി. ഒഴിഞ്ഞ് മാറിയത് കൊണ്ട് ജീവന്‍ തിരികെ കിട്ടി’, പ്രിന്‍സിപ്പൽ പറഞ്ഞു.
സാരമായ പരുക്കുകള്‍ അല്ലാത്തത് കൊണ്ട് തന്നെ അദ്ദേഹം ചികിത്സയ്ക്ക് ശേഷം പൊലീസില്‍ പരാതി നല്‍കാനെത്തി. സംഭവത്തില്‍ ഐപിസി 307 പ്രകാരം പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥി ഇപ്പോള്‍ ഒളിവിലാണ്.