ടോക്കിയോ: ജപ്പാനിൽ ഒസാക്ക നഗരത്തിലുണ്ടായ ഭൂചലനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരു വയോധികനും കൗമാരക്കാരിയായ പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്.

റിക്‌ടർ സ്കെയിലിൽ 6.1 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനത്തിന് പിന്നാലെ കൂറ്റൻ മതിൽ തകർന്നുവീണാണ് മരണം ഉണ്ടായത്. ജപ്പാൻ സമയം രാവിലെ 8 മണിയോടെയായിരുന്നു അപകടം. ഈ സമയത്ത് ആളുകൾ ജോലിക്കായി പുറത്തേക്ക് പോവുകയായിരുന്നു.

എന്നാൽ മരണസംഖ്യ ജപ്പാൻ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ വീടിന് തീപിടിച്ചതായും വെള്ളപ്പൊക്കവും കാണാം. ജപ്പാന്റെ പടിഞ്ഞാറൻ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ സുനാമി മുന്നറിയിപ്പൊന്നും ഇതുവരെ നൽകിയിട്ടില്ല.

അടുത്ത ജി 20 ഉച്ചകോടിയുടെ വേദിയായി നിശ്ചയിക്കപ്പെട്ടിരുന്ന നഗരത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. 2011 മാർച്ച് 11 ന് ജപ്പാനിൽ ഉണ്ടായ ഭൂചലനത്തിന് പിന്നാലെയാണ് ലോകത്താകമാനം 18000 പേർ കൊല്ലപ്പെട്ട സുനാമി ഉണ്ടായത്. ഈ ഭൂചലനത്തിൽ ജപ്പാനിലെ ആണവ റിയാക്‌ടറും തകർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ