ദമാസ്കസ്: വ്യോമാക്രമണം രൂക്ഷമായ സിറിയയില്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കന്‍ ഗൗത്തയിലും സര്‍ക്കാര്‍ ആക്രമണം ശക്തമാക്കി. ഇന്ന് മാത്രം നടന്ന വ്യോമാക്രമണത്തില്‍ ഒരു കുഞ്ഞ് മരിച്ചു. കൂടാതെ മറ്റ് 25 പേര്‍ കൂടി കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് ക്ലോറിന്‍ ഗ്യാസും ഉപയോഗിച്ചതിലൂടെ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ക്ലോറിന്‍ ഗ്യാസ് ശ്വസിച്ചതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെയാണ് താൽക്കാലിക ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുളളത്. 2013 മുതല്‍ വിമത നിയന്ത്രണത്തിലുളള കിഴക്കന്‍ ഗൗത്തയിലാണ് ബഷര്‍ അല്‍ അസദിന്റെ സൈന്യം ഇപ്പോള്‍ ആക്രമണം ശക്തമാക്കിയിട്ടുളളത്. പ്രദേശത്ത് ഇപ്പോഴും ഷെല്ലാക്രമണം തുടരുകയാണ്. യുഎന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തങ്ങള്‍ അംഗീകരിക്കുന്നതായും അതേസമയം, ആക്രമണങ്ങള്‍ക്കെതിരേ തിരിച്ചടി തുടരുമെന്നും വിമതര്‍ അറിയിച്ചു.

2013 മുതല്‍ സിറിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഈ വിമത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന നാലു ലക്ഷം പേര്‍ ആവശ്യമായ ഭക്ഷണമോ മരുന്നോ ഇല്ലാതെ കഷ്ടപ്പെടുമ്പോഴാണ് കഴിഞ്ഞയാഴ്ച റഷ്യന്‍ പിന്തുണയോടെ വ്യോമാക്രമണം ശക്തിപ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ 123 കുട്ടികള്‍ ഉള്‍പ്പെടെ 550ല്‍ അധികം പേര്‍ ഇവിടെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഞായറാഴ്ച മാത്രം 27 പേര്‍ കൊല്ലപ്പെട്ടു. 2400ലേറെ പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റത്. ഇവരിലേറെയും സിവിലിയന്‍മാരാണ്. ആക്രമണങ്ങളാലും പട്ടിണിയാലും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ