കൊല്‍ക്കത്തയിലെ ഹൗറ റയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന് കാവലിരുന്നത് തെരുവുനായ്ക്കള്‍. സ്വന്തം കുട്ടിയെ എന്ന പോലെ സ്നേഹം കാട്ടിയും നക്കിയും ചൂടുപകര്‍ന്നും നായ്ക്കള്‍ പെണ്‍കുഞ്ഞിനെ മണിക്കൂറുകളോളം പരിചരിച്ചു.
ആള്‍ത്തിരക്കേറിയ ബംഗാളിലെ സ്റ്റേഷനിലെ ബെഞ്ചിലാണ് ആറ്മാസം പ്രായമുളള കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ യാത്രക്കാര്‍ ആരും തന്നെ കുട്ടിയെ തിരിഞ്ഞുനോക്കാന്‍ തയ്യാറായില്ല. സ്ത്രീകളും പുരുഷന്മാരും അടക്കം നൂറുകണക്കിന് പേര്‍ കുട്ടിയുടെ സമീപത്ത് കൂടി പോയെങ്കിലും കുട്ടിയെ എടുത്തില്ല. സമീപത്തായി പകുതി പാലുളള കുപ്പിയും ചില വസ്ത്രങ്ങളും ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റേഷനിലെ പതിവ് സവാരിക്കാരായ തെരുവുനായ്ക്കള്‍ ഉയന്‍ തന്നെ പിഞ്ചുകുഞ്ഞിനെ പൊതിഞ്ഞു.
കുട്ടിയെ സംരക്ഷിച്ച് ചുറ്റും കൂടിയ നായ്ക്കള്‍ മണിക്കൂറുകള്‍ അങ്ങനെ തുടര്‍ന്നു. സംഭവം ശ്രദ്ധയില്‍ പെട്ട ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ സഹായത്തിനെത്തി.
ആശുപത്രിയിലെത്തിച്ച കുട്ടിയെ ചികിത്സയ്ക്ക് ശേഷം ചൈല്‍ഡ് ലൈനില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു വന്നതല്ലെന്നും ഉപേക്ഷിക്കാനുളള ശ്രമം തന്നെ ആണെന്നുമാണ് പൊലീസിന്റെ നിഗമനം. 2016 നവംബറില്‍ ഏഴ് വയസുകാരിക്ക് കാവലിരുന്ന നായ്ക്കളുടെ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു. പിന്നീട് പൊലീസെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.