ശ്രീനഗര്‍: കശ്മീരിലെ കത്തുവ ജില്ലയിലെ രസന ഗ്രാമത്തില്‍ ക്ഷേത്രത്തിനകത്ത് വച്ച് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ എട്ടു വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയുടെ സഹോദരങ്ങളും നേരത്തേ മരണപ്പെട്ടിരുന്നു. ന്യൂസ് ക്ലിക്കിനായി താരിഖ് അന്‍വര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരമുളളത്. രണ്ട് സഹോദരങ്ങളും ഒരു മൂത്ത സഹോദരിയുമാണ് നേരത്തേ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. എട്ട് വയസുകാരി മാത്രമായിരുന്നു കുടുംബത്തില്‍ ബാക്കിയുണ്ടായിരുന്ന ഏക പെണ്‍കുട്ടി. ബാക്കി രണ്ട് ആണ്‍കുട്ടികളാണ് ഇപ്പോള്‍ കുട്ടിയുടെ മാതാപിതാക്കളോടൊപ്പം ഉളളത്. ഇവരിപ്പോള്‍ ഗ്രാമത്തില്‍ ഏറെ ഭയപ്പെട്ടാണ് ജീവിക്കുന്നതെന്ന് മാതാപിതാക്കള്‍ ന്യൂസ് ക്ലിക്കിനോട് വീഡിയോയില്‍ പറയുന്നത് കാണാം. മാധ്യമപ്രവര്‍ത്തകനായ താരിഖ് അന്‍വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലും ഇത് സംബന്ധിച്ച് വിരവങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

കത്തുവ ജില്ലയില്‍ നിന്റെ ഗ്രാമമായ രസനയില്‍ ചെന്ന് നിന്റെ മാതാപിതാക്കളെ ഞങ്ങള്‍ കണ്ടു. നീയില്ലാത്തതില്‍ അവര്‍ ഏറെ ദുഃഖിതരാണ്. ഇത് രണ്ടാം തവണയാണ് അവര്‍ ഇത്രയും വലിയൊരു ദുര്‍ഘടമായ അവസ്ഥയിലൂടെ കടന്നുപോകുന്നതെന്ന് ഞങ്ങള്‍ അറിഞ്ഞു. രണ്ട് സഹോദരങ്ങളേയും ഒരു മൂത്ത സഹോദരിയേയും വാഹനാപകടത്തില്‍ നഷ്ടമായ അവര്‍ക്ക് നീ മാത്രമായിരുന്നു ബാക്കിയായ ഏക മകളെന്ന് അറിഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.

നിന്നെ കുറിച്ച് ആരാഞ്ഞപ്പോള്‍ നിന്റെ രണ്ട് സഹോദരങ്ങള്‍ പൊട്ടിക്കരയുകയാണ് ഉണ്ടായത്. നിന്നെ എപ്പോഴും കളിയാക്കിയും ഒരുപാട് സംസാരിച്ചും നടന്ന ഇളയ ആണ്‍കുട്ടി ഇപ്പോള്‍ വളരെ കുറച്ച് മാത്രമേ സംസാരിക്കുന്നുളളൂവെന്ന് നിന്റെ അമ്മ ഞങ്ങളോട് പറഞ്ഞു. നീ ബാക്കിയാക്കി പോയ നിന്റെ ചെരുപ്പും, വസ്ത്രങ്ങളും, സ്കൂള്‍ ബാഗും അമ്മ ഞങ്ങള്‍ക്ക് കണ്ണീരോടെ കാണിച്ചു തന്നു. കരച്ചിലിന്റെ അണക്കെട്ട് പേറിയ നിന്റെ അമ്മയുടെ കണ്ണീരിന് മുമ്പില്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഞങ്ങള്‍ പരാജയപ്പെട്ട് പോവുകയായിരുന്നു.

വിശപ്പിനെ മെരുക്കാന്‍ കഴിയാത്തവളായിരുന്നു നീ എന്ന് നിന്റെ അമ്മ ഞങ്ങളോട് പറഞ്ഞു. വയറ്റില്‍ മയക്കുഗുളികള്‍ മാത്രമായി വിശപ്പ് പോലും മറന്ന്, കണ്ണുമിഴിച്ച് കൊല്ലപ്പെടും മുമ്പ് നീ കിടന്നത് ഒരു ക്ഷേത്രത്തില്‍ ആയിരുന്നെന്ന് നീ അറിഞ്ഞിരുന്നോ? വെറും എട്ട് വര്‍ഷം മാത്രം ഈ ഭൂമിയില്‍ ഓടിക്കളിച്ച നീ പേറേണ്ടി വന്ന വേദനകളെ കുറിച്ച് പറയുമ്പോള്‍ നിന്റെ അമ്മ വിറയ്ക്കുന്നുണ്ടായിരുന്നു.

വിഷാദത്തിന്റെ മഞ്ഞുമൂടി കാണാതാവുന്ന നിന്റെ പിതാവിന് താങ്ങാവുന്നത് വയറ് നിറയെ കഴിക്കുന്ന ഗുളികകള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ഗുളികകളുടെ പട്ടികയും ഞങ്ങള്‍ക്ക് കാണിച്ചുതന്നു. മകളെ, നിന്നോട് പറയാന്‍ ഒന്നു മാത്രമേ ഉളളൂ, അവരുടെ ഹൃദയങ്ങളെ ഭരിക്കുന്നത് നീയാണ്. മരിച്ചിട്ടും മരിക്കാതെ നീ അവര്‍ക്കൊപ്പം ജീവിക്കുന്നുണ്ട്.

നിനക്കൊരു കാര്യം അറിയാമോ? ഞങ്ങളുടെയൊക്കെ ബോധം ശരിക്കും നശിച്ചിരിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ഭയയ്ക്ക് വേണ്ടി തെരുവില്‍‍ ഇറങ്ങിയപ്പോള്‍ ഞങ്ങളില്‍ അല്‍പമെങ്കിലും ബോധം ബാക്കിയുണ്ടായിരുന്നു. എന്നാല്‍ നിനക്ക് നീതി തേടുന്നതിന് പകരം ദേശീയ പതാകയുമേന്തി നിന്നെ പിച്ചിച്ചീന്തിയ പിശാചുക്കള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയപ്പോള്‍ ഞങ്ങളുടെ അറിവും ബോധവും അപ്പാടെ നശിച്ചു. ഇത്തരം നിഷ്ഠൂരമായ പ്രവൃത്തികള്‍ സാധാരണ കാര്യം എന്ന പോലെ മാറിയിരിക്കുകയാണ് നമ്മുടെ ‘പുത്തന്‍ ഇന്ത്യയില്‍’. ദൈവം നിന്റെ കുടുംബത്തിന് നിന്റെ നഷ്ടം താങ്ങാനുളള ശക്തി നല്‍കുമാറാകട്ടെ. നിനക്ക് സ്വര്‍ഗത്തില്‍ ഉന്നതമായ ഇടം തന്നെ ദൈവം നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook