മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മ പുതുക്കി ഇന്ത്യൻ എക്സ്‌പ്രസ്, ഫെയ്സ്ബുക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന “കരുത്തിന്റെ കഥകൾ” (The Stories of Strenghth) എന്ന പരിപാടിയുടെ രണ്ടാം എഡിഷൻ ഇന്ന് നടക്കും. വൈകിട്ട് ഇന്ത്യ ഗേറ്റിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, നടൻ അമിതാഭ് ബച്ചൻ, കവി പ്രസൂൻ ജോഷി എന്നിവർ സംസാരിക്കും.
ഫിറോസ് അബ്ബാസ് ഖാനാണ് പരിപാടിയുടെ സംവിധായകൻ. സൈനികരും സാധാരണക്കാരും പൊലീസുകാരുമടക്കം 166 പേർ കൊല്ലപ്പെട്ട, 2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഒൻപത് വയസ് പൂർത്തിയായിരിക്കുകയാണ്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരും കൊല്ലപ്പെട്ടവരുടെ മക്കളും ഉൾപ്പടെ നിരവധി പേർ ഈ ചടങ്ങിൽ പങ്കെടുക്കും.
ബച്ചൻ, പ്രസൂൻ ജോഷി, വെസ്റ്റേൺ നേവൽ കമ്മാന്റ് വൈസ് അഡ്‌മിറൽ കമ്മാൻഡിങ് ഇൻ ചീഫ് ഗിരീഷ് ലൂത്ര, ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരചരമം പ്രാപിച്ച എൻകൗണ്ടർ സ്പെഷലിസ്റ്റ് വിജയ് സലസ്‌കറുടെ മകൾ ദിവ്യ സലസ്‌കർ എന്നിവർ അവരുടെ കരുത്തിന്റെ കഥകൾ പങ്കുവയ്ക്കും.
ചടങ്ങിൽ താജ് ഹോട്ടലിൽ നടന്ന ഭീകരരെ നേരിടുന്നതിനിടെ അഞ്ച് ബുള്ളറ്റുകൾ ശരീരത്തിലേൽക്കുകയും കേൾവി ശക്തി നഷ്ടപ്പെടുകയും ചെയ്ത മുൻ മറൈൻ കമാൻഡോ പ്രവീൺ കുമാറുമായി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ സംവദിക്കും. മൗണ്ട് എവറസ്റ്റ് കീഴടക്കാനുള്ള പരിശ്രമത്തിലാണ് ഇദ്ദേഹമിപ്പോൾ.
“പാർലമെന്റ് ആക്രമണവും മുംബൈ ഭീകരാക്രമണവുമാണ് ഇന്നത്തെ നിലയിൽ ഭീകരവാദത്തെ അടിച്ചമർത്തുന്നതിലേക്ക് ആധുനിക ഇന്ത്യയുടെ കാഴ്ചപ്പാടുകളെ മാറ്റിയെടുത്തത്. എട്ട് പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ മാറ്റത്തെ ഒപ്പം നിന്ന് വീക്ഷിച്ച് കൊണ്ടിരിക്കുന്ന മാധ്യമസ്ഥാപനം എന്ന നിലയിൽ, മുംബൈ ഭീകരാക്രമണത്തിന് ഇരയായവരിൽ വളരെ കുറച്ച് പേരെ മാത്രമേ നമ്മൾ ഇതുവരെയും കേട്ടിട്ടുള്ളൂ എന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു. ആക്രമണത്തിന്റെ നഷ്ടം സഹിക്കേണ്ടി വന്ന ഓരോ പേരുടെയും മനഃശക്തിയും പക്വതയും ഹൃദയവിശാലതയും ഓരോ അഭിമുഖത്തിലും ഞങ്ങളെ ഉത്തേജിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഏറെ കഥകൾ അവരിൽ നിന്ന് കേൾക്കാനുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഉത്തരവാദിത്തപ്പെട്ട ദേശീയ മാധ്യമമെന്ന നിലയിൽ ഈ അസാമാന്യ വ്യക്തികൾക്ക് ശബ്ദം നൽകേണ്ടത് ഞങ്ങളുടെ കടമയാണ്”, ദി ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക പറഞ്ഞു.
“26/11 സാധാരണക്കാരന്റെ ധീരതയുടെ ഓർമ്മദിവസമാണ്. ആ പോരാട്ടത്തിൽ വീണു പോയവരുടെ ത്യാഗം രാജ്യം എക്കാലവും ഓർമ്മയിൽ സൂക്ഷിക്കേണ്ടതാണ്. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഈ ധീരരായ സമൂഹത്തിന്റെ ഓർമ്മ പുതുക്കാൻ നമുക്ക് ഒന്നുചേരാം”, എന്ന് ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെയും മധ്യ-ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലെയും പബ്ലിക് പോളിസി ഡയറക്ടർ അൻഖി ദാസ് പറഞ്ഞു. അമിത് ത്രിവേദി, സുരേഷ് വാഡ്‌കർ, പ്രിയങ്ക ബർവേ, ശങ്കർ മഹാദേവൻ അക്കാദമി, ദി ഇന്ത്യൻ നേവൽ ബാന്റ്, അമൃത ഫഡ്‌നവിസ് എന്നിവരുടെ സംഗീത പരിപാടികളും ഇന്നത്തെ ചടങ്ങിൽ ഉണ്ടാകും.