ന്യൂഡല്‍ഹി: യൂറിനില്‍ നിന്നും യൂറിയ ഉണ്ടാക്കിയാലോ? ആശയം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടേതാണ്. നാഗ്പൂരില്‍ നടന്ന മേയര്‍ ഇന്നോവേഷന്‍ അവാര്‍ഡ്‌സില്‍ സംസാരിക്കവെയായിരുന്നു ഗഡ്കരി വിചിത്രമായ ആശയം മുന്നോട്ട് വച്ചത്. മൂത്രത്തില്‍ നിന്നും യൂറിയ ഉണ്ടാക്കാന്‍ സാധിച്ചാല്‍ യൂറിയയുടെ ഇറക്കുമതി ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

”എയര്‍പോര്‍ട്ടുകളില്‍ യൂറിന്‍ സ്‌റ്റോര്‍ ചെയ്ത് വെക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തെ മൊത്തം മൂത്രവും ശേഖരിച്ച് നമ്മള്‍ യൂറിയ നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ ഇറക്കുമതി ചെയ്യേണ്ടി വരില്ല. ഒന്നും വെറുതെയാകില്ല” എന്നായിരുന്നു ഗഡ്കരിയുടെ വാക്കുകള്‍.

”മറ്റുള്ളവര്‍ എന്നോട് സഹകരിക്കില്ല, കാരണം എന്റെ ആശയങ്ങളെല്ലാം അടിപൊളിയാണ്. എന്തിന്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പോലും സഹകരിക്കില്ല. കാരണം സര്‍ക്കാര്‍ ആളുകളെ മദം പൊട്ടിയ കാളകളെ പോലെ മുന്നോട്ട് മാത്രം പോകാനാണ് പഠിപ്പിക്കുന്നത്.” എന്നും അദ്ദേഹം പറഞ്ഞു.
ജൈവ മാലിന്യങ്ങളില്‍ നിന്നും ജൈവ ഇന്ധനങ്ങള്‍ നിര്‍മിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും ഗഡ്കരി ചടങ്ങില്‍ ഓര്‍മിപ്പിച്ചു. മനുഷ്യന്റെ മൂത്രം പോലും ജൈവ ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും, അതില്‍ നിന്ന് അമോണിയം സള്‍ഫേറ്റ്, നൈട്രജന്‍ എന്നിവ ലഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.

തീര്‍ന്നില്ല, മനുഷ്യന്റെ മുടിയില്‍ നിന്നും അമിനോ ആസിഡ് വേര്‍തിരിച്ചെടുക്കാമെന്നും അത് വളമായി ഉപയോഗിക്കാമെന്നും ഗഡ്കരി പറഞ്ഞു. ഇത്തരത്തില്‍ തന്റെ ഫാമില്‍ 25 ശതമാനത്തിന്റെ അധിക വിളവുണ്ടാക്കാന്‍ സാധിച്ചെന്നും ഗഡ്കരി പറഞ്ഞു. കൂടാതെ മുടി തികയാതെ വന്നപ്പോള്‍ തനിക്ക് തിരുപ്പതിയില്‍ നിന്നും അഞ്ച് ട്രക്ക് മുടി എത്തിക്കേണ്ടി വന്നതായും ഗഡ്കരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook