ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പതിച്ച ബിജെപിയുടെ പോസ്റ്ററില്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.
2013 ഡിസംബറില്‍ പുറത്തിറക്കിയ ഉത്തരവ് എല്ലാ പാർട്ടികളും പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി അധ്യക്ഷന്മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ജനാധിപത്യത്തില്‍ സൈന്യത്തിന് രാഷ്ട്രീയമില്ലെന്നും ചായ്‍വില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ നേതാക്കള്‍ സൈന്യത്തെ ഉപയോഗിച്ച് നേട്ടത്തിന് ശ്രമിക്കരുതെന്നും നിര്‍ദേശമുണ്ട്.
വീരപുത്രനായി അഭിനന്ദന്‍ വര്‍ധമാനെ രാജ്യം വാഴ്ത്തുന്നതിനിടെയാണ് പ്രചാരണത്തിനായി ബിജെപി പോസ്റ്ററില്‍ വിങ് കമാന്‍ഡര്‍ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാര്‍ത്ഥികളുടെ ചിത്രത്തിനൊപ്പമാണ് അഭിനന്ദന്റെയും ചിത്രം ചേര്‍ത്ത പോസ്റ്റര്‍ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ ട്വിറ്ററിലും വന്‍ രോഷം ഉയര്‍ന്നിരുന്നു.
പെരുമാറ്റചട്ടം നിലവില്‍ വന്നതിനു ശേഷം ഇത്തരം പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്കു പിന്നാലെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് സേനയെ തുരത്തുന്നതിനിടെയാണ് വിങ് കമാന്‍ഡര്‍ മിഗ്-21ബൈസണ്‍ വിമാനം തകര്‍ന്നു വീണ് പാക് കസ്റ്റഡിയിലായത്. മൂന്നു ദിവസങ്ങള്‍ക്കു ശേഷം പാക്കിസ്ഥാന്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.