മുംബൈ: കനത്ത മഴയെ തുടര്‍ന്ന് ദുരിതക്കയമായി മാറിയ മുംബൈയുടെ അവസ്ഥയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, ‘മഴയെ നിങ്ങള്‍ തന്നെ തടഞ്ഞോളു’ എന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. 25 വര്‍ഷമായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ശിവസേന, മഴക്കെടുതിയെ നേരിടുന്നതിന് എന്ത് നടപടിയാണ് നാളിതുവരെ സ്വീകരിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഉദ്ധവ് താക്കറെ കയര്‍ത്തു മറുപടി പറഞ്ഞത്.

‘മുംബൈ നഗരം നിങ്ങളുടെ മാത്രം കുത്തകയാണെന്നു വിചാരിക്കരുത്. ഞങ്ങള്‍ ജനങ്ങളെ സേവിക്കുന്നത് കൊണ്ടാണ് കഴിഞ്ഞ 25 വര്‍ഷവും അവര്‍ ഞങ്ങളെ വിജയിപ്പിച്ചത്. ഓരോ മഴക്കെടുതിയിലും ഞങ്ങളുടെ പ്രവര്‍ത്തകര്‍ ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലെത്തി വേണ്ട സഹായം ചെയ്തു കൊടുക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ അത് ചെയ്യുന്നുണ്ടോ’ എന്നും താക്കറെ ചോദിച്ചു.

എന്നാല്‍ താക്കറെയുടെ പരാമര്‍ശത്തെ പത്രസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന മുംബൈ ബിജെപി അധ്യക്ഷന്‍ ആഷിഷ് സെലാര്‍ തള്ളി. കയര്‍ത്തു സംസാരിക്കരുതെന്നും മാധ്യമപ്രവര്‍ത്തകരോട് മാപ്പു പറയണമെന്നും താക്കറെയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച തുടങ്ങിയ കനത്ത മഴ, മുംബൈയിലെ പ്രശസ്ത ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ ദീപക് അമ്രാപുര്‍കാറിന്റേത് അടക്കം നിരവധി പേരുടെ ജീവനെടുത്തു. കനത്ത മഴയില്‍ മാന്‍ഹോളില്‍ വീണാണ് ദീപക് മരണപ്പെട്ടത്. റോഡുകളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലാണ്. പാളങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിർത്തിവച്ച ലോക്കല്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. 30 സെന്റിമീറ്റര്‍ മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. 2005 ന് ശേഷം മുംബൈയില്‍ പെയ്യുന്ന ഏറ്റവും ശക്തമായ മഴയെ തുടര്‍ന്ന് റോഡ്- വ്യോമ ഗതാഗതം തടസപ്പെട്ടിരുന്നു അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന സജ്ജമായിട്ടുണ്ട്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് മഴ ദുരിതം വിതച്ചത്.

കെഇഎം ആശുപത്രിയില്‍ വെള്ളം കയറിയത് പ്രവര്‍ത്തനത്തെ ബാധിച്ചു. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. തുറന്ന ഓവുചാലുകള്‍ ധാരാളമുള്ളതിനാല്‍ ആളുകള്‍ക്ക് റോഡുകളിലൂടെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മാലിന്യം അടിഞ്ഞു കൂടിയ നഗരത്തിലെ ഓവുചാലുകള്‍ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ