/indian-express-malayalam/media/media_files/uploads/2023/05/biren-singh-7592.jpg)
മണിപ്പൂരില്‍ ജൂണ്‍ 13-ന് ശേഷം സംഘര്‍ഷങ്ങളില്‍ ഒരു ജീവന്‍ പോലും പൊലിഞ്ഞിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം
ഇംഫാല്‍: മണിപ്പൂരില്‍ രണ്ടാം ഘട്ട സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കലാപകാരികള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബീരേന്‍ സിങ്. ആക്രമണങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഇംഫാലിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് പരുക്കേറ്റതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ഇത്തരം ആക്രമണങ്ങള്‍ എങ്ങനെ തടയാമെന്ന് പരിശോധിക്കുന്നതിനായി അവലോകനയോഗം ചേരാന്‍ തീരുമാനിച്ചു. ഇത് ഉടനടി അവസാനിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും, മുഖ്യമന്ത്രി വ്യക്തമാക്കി. ആരെയും ആക്രമിക്കെരുതെന്ന് മെയ്തെയ് വിഭാഗത്തിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ഇംഫാൽ വെസ്റ്റിലെ കാന്റോ സബലിൽ നിന്ന് ചിംഗ്മാങ് ഗ്രാമത്തിലേക്ക് ആക്രമകാരികള്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തപ്പോഴാണ് സംഭവം നടന്നതെന്ന് സൈന്യം അറിയിച്ചു.
പ്രദേശത്ത് ഗ്രാമീണരുടെ സാന്നിധ്യം കണക്കിലെടുത്ത് സൈനികര്‍ നിയന്ത്രിതമായ രീതിയിലാണ് പ്രത്യാക്രമണം നടത്തിയത്. വെടിയേറ്റ സൈനികനെ ലീമഖോങ്ങിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ചിഗ്മാങ്ങില്‍ അഞ്ച് വീടുകള്‍ക്ക് തീയിട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ല.
മെയ് മൂന്ന് മുതൽ മണിപ്പൂരിൽ നടക്കുന്ന സംഘര്‍ഷം സംസ്ഥാനത്തെ മെയ്തെയ്, കുക്കി-സോമി സമുദായങ്ങൾക്കിടയിലാണെങ്കിലും കഴിഞ്ഞ ദിവസം രാത്രി കത്തിച്ച വീടുകളിൽ ഒന്ന് നാഗ കുടുംബത്തിന്റേതാണ്.
സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതല്‍ മണിപ്പൂരിലെ സര്‍വകക്ഷി സംഘം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെ, അതുകൊണ്ടാണോ പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്നും അവര്‍ ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.