ന്യൂഡല്‍ഹി: ഷാംപുവില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ലാബ് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പന അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) ഉത്തരവ്.

ബേബി ഷാംപുവിന്റെ സ്‌റ്റോക്കുകള്‍ പിന്‍വലിക്കാനും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും കമ്മീഷന്‍ ആവശ്യപ്പെട്ടു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ആൻഡ് ജോണ്‍സന്റെ ബേബി ഷാംപുവില്‍ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥമുണ്ടെന്ന് നേരത്തെ രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോളര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിപണിയിലുള്ള ബേബി ഷാംപുവിന്റെ മുഴുവന്‍ സ്‌റ്റോക്കുകളും പിന്‍വലിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശവും നല്‍കിയിരുന്നു. കാന്‍സറിന് കാരണമാവുന്നതും കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്നതുമായ ഫോര്‍മല്‍ഡീഹൈഡ് എന്ന പദാര്‍ഥമാണ് ബേബി ഷാംപുവില്‍ കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ച കേസില്‍ സെന്റ് ലൂയിസ് ജൂറി കമ്പനിക്ക് 32000 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അര്‍ബുദം പിടികൂടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. അസുഖം ബാധിച്ച 22 സ്ത്രീകളില്‍ ആറ് പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

1970 മുതല്‍ കമ്പനി പുറത്തിറക്കുന്ന പൗഡറില്‍ ആസ്‌ബെറ്റോസ് ചേരുന്നുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും പരാതിക്കാര്‍ക്കായി വാദിച്ച അഭിഭാഷകര്‍ വ്യക്തമാക്കി. വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ കാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook