ശ്രീനഗർ: ചില കശ്മീരി പണ്ഡിറ്റുകൾ ആസൂത്രിത കൊലപാതകങ്ങൾക്ക് ഇരയായെന്നത് വസ്തുതയാണെന്നും, എന്നാൽ മറ്റു നിരവധി പേർ കൊല്ലപ്പെട്ടത് രാജ്യം മതത്തിന്റെ അടിസ്ഥാനത്തിൽ കാണുന്നത് അവസാനിപ്പിക്കണമെന്നും ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ”ചില കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയെന്നത് വസ്തുതയാണ്. പക്ഷേ, അതിന് മറ്റൊരു വശംകൂടിയുണ്ട്. ഈ വിഷയത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം കാണുന്നത് അവസാനിപ്പിക്കണം. മറ്റു നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
”താഴ്വരയിലെ അവരുടെ രോഷം തനിക്ക് മനസ്സിലാക്കാനാകുമെന്ന് കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളെക്കുറിച്ച് വിശദീകരിക്കവേ സിൻഹ പറഞ്ഞു. ”ഞാൻ എല്ലാ ജനങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ഞാൻ വ്യക്തിപരമായി ചില ആളുകളെയും സംഘടനകളെയും സന്ദർശിച്ചു. അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ഞാൻ ശ്രമിക്കുന്നു. അവർ ഉന്നയിച്ച പ്രശ്നങ്ങൾ വ്യക്തിപരമായി പരിഹരിക്കാൻ ഞാൻ ശ്രമിച്ചു. ആദ്യം തന്നെ അവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ആഗ്രഹിച്ചു. സാവധാനം ജില്ലാ ആസ്ഥാനങ്ങളിൽ ആളുകളെ പോസ്റ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇപ്പോൾ ഗ്രാമവികസന വകുപ്പിൽ നിന്നുള്ള ജീവനക്കാരനാണെങ്കിൽ നഗരത്തിൽ നിയമിക്കാനാവില്ല. അതിനാൽ, ജില്ലാ ആസ്ഥാനത്തിന് സമീപമുള്ള ഗ്രാമത്തിലാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. കുറച്ചുപേർ തഹസിൽദാർ ആസ്ഥാനത്തുണ്ടെങ്കിലും അത് സുരക്ഷിതമാണെന്ന് പോലീസ് അറിയിച്ചു,” അദ്ദേഹം പറഞ്ഞു.
കശ്മീർ താഴ്വരയിൽ നിന്നുള്ളവരും കൊല്ലപ്പെടുന്നു. ആപ്പിൾ സീസണിൽ ബീഹാർ, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളുമുണ്ട്. രണ്ടോ മൂന്നോ സംഭവങ്ങൾ ഉണ്ടായി, പക്ഷേ ഒരു (തെറ്റായ) വിവരണം പ്രചരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
”അവരെ പ്രാദേശികരോ പുറത്തുനിന്നുള്ളവരോ എന്ന് വിശേഷിപ്പിക്കുന്ന കുറച്ച് ആളുകളുണ്ട്… നമ്മൾ ഇതിലേക്ക് കടക്കേണ്ടതില്ല. പ്രദേശവാസികൾ ജമ്മു കശ്മീരിന്റെ സാമ്പത്തിക വളച്ചയിൽ അവർക്ക് (തൊഴിലാളികൾക്ക്) വലിയ പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. അവിടെയുള്ള വികസനത്തിൽ അവർക്ക് പങ്കുണ്ട്. ജമ്മു കശ്മീർ ഇന്ത്യയുടെ ഒരു ഭാഗമാണ്. ആർക്കും ഏതും സംസ്ഥാനത്തിലും ജോലി ചെയ്യാം. ഇവിടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ട്. കശ്മീരിന്റെ കാര്യവും അങ്ങനെ തന്നെ. ഇതിനെ അഭിനന്ദിക്കുകയും മറ്റുള്ളവർ ഇവിടെ വന്ന് ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷം കശ്മീരികളും. ഞങ്ങൾ അവരെ (കുടിയേറ്റക്കാരെ) സംരക്ഷിക്കുന്നു. ആപ്പിൾ സീസണിൽ, സാമ്പത്തികവും സാമൂഹികവുമായും അവരുടെ സുരക്ഷ സംബന്ധിച്ച് ഞങ്ങൾക്ക് മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ പുനരധിവാസ നയം പ്രഖ്യാപിച്ചതായി ലഫ്.ഗവർണർ പറഞ്ഞു. ”ആദ്യ ഘട്ടമെന്നത് 3000 പേർക്ക് ജോലിയും 3000 പേർക്ക് വീടുമാണ്. രണ്ടാം ഘട്ടത്തിലും ഇതുതന്നെ നടപ്പിലാക്കും. മൊത്തത്തിൽ 6000 വീടുകൾ നിർമ്മിക്കും. ഇപ്പോൾ 700 വീടുകൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. 2020 ഓഗസ്റ്റിൽ ഞാൻ ഇവിടെ എത്തിയപ്പോൾ, രണ്ടാം ഘട്ടത്തിൽ നിർദേശിച്ച ജോലികളിൽ റിക്രൂട്ട്മെന്റ് പൂർത്തിയായിരുന്നില്ല, ആദ്യ ഘട്ടത്തിൽ നിന്നും ചില ഒഴിവുകൾ ഉണ്ടായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഈ ഒഴിവുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇന്ന് 134 തസ്തികകളൊഴികെ ബാക്കിയെല്ലാം നികത്തിയെന്ന് പറയാം.”
2020 ഓഗസ്റ്റ് ഏഴിനാണ് സിൻഹ ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേൽക്കുന്നത്.
വീടുകളില്ലാതെ കശ്മീരി പണ്ഡിറ്റുകൾ ബുദ്ധിമുട്ടുന്നുണ്ടെന്നത് സത്യമാണ്. എന്നാൽ ഇന്ന്, 6,000 വീടുകൾ നിർമ്മിക്കാൻ ഭൂമി ലഭ്യമാക്കി, രണ്ടെണ്ണം ഒഴികെ ബാക്കിയുള്ള നിർമാണത്തിനുള്ള ടെൻഡറുകൾ പൂർത്തിയായെന്ന് അദ്ദേഹം പറഞ്ഞു. “ഏകദേശം 10 ദിവസം മുമ്പ്, ബാരാമുള്ളയിലും ബന്ദിപുരയിലും പരിശോധനയ്ക്കായി ഞാൻ പോയി. കശ്മീരി പണ്ഡിറ്റുകൾക്ക് ഏപ്രിലിൽ 1200 വീടുകൾ നൽകും; ഡിസംബറോടെ 1800 വീടുകൾ കൂടി അനുവദിക്കും. ശ്രീനഗറിൽ ഒരു വലിയ ഭവന സമുച്ചയം നിർമ്മിക്കുന്നു, വേഗത്തിൽ ജോലി പൂർത്തിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. 6,000 വീടുകളും ഉടൻ പണി പൂർത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”