ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി സഖ്യകക്ഷിയായ ശിവസേന രംഗത്ത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ മോദി നടത്തിയ പരാമര്‍ശത്തെ ചുവടുപിടിച്ചാണ് ശിവസേനയുടെ ആക്രമണം. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നത് അവസാനിപ്പിക്കൂവെന്നും ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂയെന്നും ശിവസേനയുടെ മുഖപത്രമായ സാംമ്‌നയില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റ ജാതകം നോക്കി സമയം കളയാതെ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അഭിമാനം കാത്തുസൂക്ഷിക്കണമെന്നും ശിവസേന ഉപദേശിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമെങ്കിലും പരസ്പരം ചെളിവാരിയെറിയലില്‍ നിന്ന് വിട്ടുനില്‍ക്കണം. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിച്ചുനോക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും മുഖപത്രത്തില്‍ പറയുന്നു.

മൻമോഹൻ സിംഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മഴക്കോട്ട് പരമാർശം വലിയ ചർച്ചയായിരുന്നു. യു.പി.എ ഭരണ കാലത്തെ അഴിമതികളെ പറ്റി പരാമർശിക്കുന്നതിനിടെയിലാണ് “ഡോ. സാബിന് മാത്രമേ മഴക്കോട്ട് അണിഞ്ഞ് എങ്ങിനെ കുളിക്കണമെന്ന് അറിയൂ” എന്നായിരുന്നു മോദിയുടെ പരിഹാസം. നിരവധി അഴിമതി ഇടപാടുകൾ നടന്ന യുപിഎ കാലത്ത് പ്രധാനമന്ത്രിക്കെതിരായി ഒറ്റ അഴിമതി കേസും നിലവിലില്ലാത്തതിനെയാണ് മോദി പരാമർശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ