ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്ത്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനു പകരം ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളാണു കേന്ദ്രസര്‍ക്കാര്‍ അഭിസംബോധന ചെയ്യേണ്ടതെന്ന് രഞ്ജിത്ത് ട്വീറ്റ് ചെയ്തു.

തമിഴിലായിരുന്നു രഞ്ജിത്തിന്റെ ട്വീറ്റ്. ‘സമ്പദ്വ്യവസ്ഥ മന്ദഗതിയിലാകുമ്പോള്‍. ഇന്ത്യ പോലെ വൈവിധ്യങ്ങളുള്ള രാജ്യത്ത് ഒരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് ജനങ്ങളുടെ ഐക്യം തകരാന്‍ കാരണമാകും. യഥാര്‍ഥ വിഷയങ്ങള്‍ പരിഹരിക്കുന്നതിലായിരിക്കണം കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ നല്‍കേണ്ടത്.’- രഞ്ജിത്ത് പറഞ്ഞു. ഹിന്ദിയ്ക്ക് രാജ്യത്തെ ഒരുമിപ്പിക്കാനാകുമെന്ന അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ദക്ഷിണേന്ത്യയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Read More: ഒരു രാജ്യം, ഒരു ഭാഷ; അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്ന് സ്റ്റാലിന്‍, വിമര്‍ശിച്ച് ഒവൈസിയും

രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയാണ് ഹിന്ദിയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടിക്കെതിരെ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ് തങ്ങള്‍. ഇന്ന് അമിത് ഷാ നടത്തിയ പ്രസ്താവന രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതാണ്. ഹിന്ദി ദിവസില്‍ അമിത് ഷാ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയാണെന്ന് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷാ നടത്തിയ പ്രസ്താവന ഗൗരവമായി കണ്ട് ഡിഎംകെ പരിഗണിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.


ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി. ഹിന്ദി ദിനാചരണത്തെ എതിര്‍ക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു.

Also Read: ഒരു രാജ്യം, ഒരു ഭാഷ; രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയാണ് ഹിന്ദിയെന്ന് അമിത് ഷാ
അമിത് ഷായ്ക്ക് മറുപടിയുമായി അസദുദീന്‍ ഒവൈസിയും രംഗത്തെത്തി. എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷ ഹിന്ദിയില്ല.രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തെ അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന് ഒവൈസി അമിത് ഷായോട് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. ഭരണഘടനയിലെ അനുഛേദം 29 ഏതൊരു പൗരനും ഭാഷയും സംസ്‌കാരവും ഉറപ്പു നല്‍കുന്നുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. ഹിന്ദി, ഹിന്ദു, ഹിന്ദുത്വ എന്നീ ആശയങ്ങളേക്കാള്‍ മുകളിലാണ് ഇന്ത്യ എന്നും ഒവൈസി ട്വിറ്ററില്‍ പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook