ഇസ്‌ലാമാബാദ്: ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരപട്ടികയിലെ പ്രധാനിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സാമൂഹ്യസേവനം നടത്താൻ അനുവദിക്കണമെന്ന് പാക് കോടതി. ഇയാളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണത്തിന്റെ (26/11) മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചിട്ട് ആഴ്ചകളേ ആയിട്ടുളളൂ. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ടിൽ ഇയാളെ ഏറ്റവും അപകടകാരിയായ ഭീകരനെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്ക പത്ത് ലക്ഷം ഡോളറാണ് ഹാഫിസ് സയീദിന് വിലയിട്ടിരിക്കുന്നത്.
പാക് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തന്റെ രാഷ്ട്രീയ പാർട്ടിയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഇയാൾക്കനുകൂലമായി വിധി പുറത്തുവിട്ടത്.