ന്യൂഡൽഹി: ഇറാനെ ഒറ്റപ്പെടുത്താനുളള അമേരിക്കൻ സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യയ്‌ക്ക് മേലും സമ്മർദ്ദം. ഇറാനിൽ നിന്നുളള ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ഇന്ത്യ നവംബറോടെ പൂർണമായും അവസാനിപ്പിക്കണമെന്നാണ് ആവശ്യം. അല്ലെങ്കിൽ ഇന്ത്യയിൽ നിന്നുളള ഉൽപ്പന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനിൽ നിന്ന് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കും ഇന്ത്യയിലേക്കുമാണ്. ഇനി ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും അമേരിക്ക തയ്യാറാകില്ലെന്നാണ് ഈ ആവശ്യം ഉന്നയിച്ച് ട്രംപ് സർക്കാർ വിശദീകരിച്ചിരിക്കുന്നത്.

ഈ കാര്യങ്ങൾ വിശദീകരിക്കാൻ അമേരിക്കൻ വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് എത്തും. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാൻ. ഈ കാര്യം നിലനിൽക്കെ അമേരിക്കൻ സമ്മർദ്ദത്തിന് കീഴടങ്ങുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

അമേരിക്ക ഇറാന് മേൽ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന ഉപരോധത്തെ അംഗീകരിക്കില്ലെന്നായിരുന്നു ഇന്ത്യയുടെ മുൻ നിലപാട്. ഐക്യരാഷ്ട്ര സഭ ഉപരോധം ഏർപ്പെടുത്തിയാൽ അംഗീകരിക്കാമെന്നായിരുന്നു ഇന്ത്യൻ നയം. അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിൽ നടക്കുന്ന ചർച്ചയിൽ ഈ വിഷയം കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്തേക്കും.  പക്ഷെ ജൂലൈ ആറിന് നടക്കാനിരുന്ന ചർച്ച ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്. പുതിയ തീയതി പിന്നീട് വ്യക്തമാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ