ഭോപ്പാല്‍: ഗോട്ട്മാര്‍ മേള കല്ലേറുത്സവത്തില്‍ 400 പേര്‍ക്ക് പരുക്ക്. പരസ്പരം കല്ലെറിയുന്ന ആചാരം ഉത്സവത്തിലുണ്ട്. ഇതിനിടയിലാണ് 400 പേര്‍ക്ക് പരുക്കേറ്റത്. ചിലരുടെ പരുക്ക് ഗുരുതരമാണ്. മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയിലാണ് ഈ ഉത്സവം നടക്കുന്നത്.

കല്ലേറില്‍ പരുക്കേറ്റവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ പന്ദുര്‍ണ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ക്ക് കണ്ണിന് പരുക്കേറ്റതായും പൊലീസ് പറഞ്ഞു.

400 വര്‍ഷം പഴക്കമുള്ള ആചാരമാണിത്. എല്ലാ വര്‍ഷവും ദേശവാസികള്‍ ഇത് നടത്താറുണ്ട്. രണ്ട് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഈ മേളയില്‍ പങ്കെടുക്കുക. പന്ദുര്‍ണ, സവര്‍ഗോണ്‍ എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ ജാം നദിയുടെ ഇരുകരകളില്‍ നിന്നാണ് കല്ലേറ് നടത്തുക. നദിയുടെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന പതാക സ്വന്തമാക്കുവാന്‍ ഇരു ഗ്രാമങ്ങളില്‍ നിന്നുള്ളവരും മുഖാമുഖം ഏറ്റുമുട്ടും.

Read Also: ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒപ്പം: രമ്യ ഹരിദാസ്

രണ്ട് ഗ്രാമത്തില്‍ നിന്നുള്ളവരും പതാക സ്വന്തമാക്കാന്‍ നദിയുടെ ഇരുവശത്തു നിന്നുമായി വരും. ആദ്യം പതാക സ്വന്തമാക്കുകയാണ് ലക്ഷ്യം. എന്നാല്‍, എതിര്‍ വശത്തുള്ളവര്‍ പതാക സ്വന്തമാക്കാതിരിക്കാന്‍ അപ്പുറത്ത് നിന്ന് കല്ലെറിയും. ഗ്രാമവാസികള്‍ പരസ്പരം കല്ലെറിയുന്ന ഈ ഉത്സവമാണ് ഗോട്ട്മാര്‍ മേള കല്ലേറുത്സവം. എല്ലാ വര്‍ഷവും കല്ലേറ് കിട്ടി നിരവധി ആളുകളാണ് മരിക്കുന്നത്.

ഈ വര്‍ഷം പന്ദുര്‍ണ ഗ്രാമത്തിലുള്ളവരാണ് പതാക സ്വന്തമാക്കി വിജയം നേടിയത്. ഇപ്പോള്‍ സിസിടിവിയുടെയും ഡ്രോണുകളും ഉപയോഗിച്ചാണ് ഉത്സവം നിരീക്ഷിക്കുന്നതെന്ന് ചിന്ദ്‌വാര ഐ‌എസ്‌പി മനോജ് റായ് പറഞ്ഞു. ഈ ആചാരമായതിനാല്‍ പൂര്‍ണ്ണമായും നിര്‍ത്താനാകില്ല. പരിപാടിയോടനുബന്ധിച്ച് വൈദ്യ സഹായം ആവശ്യം വന്നാൽ അതും സജ്ജീകരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook