ആരാവല്ലി: ഗുജറാത്തിലെ ആരാവല്ലി ജില്ലയില്‍ ഉയര്‍ന്ന ജാതിക്കാര്‍ ദലിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പരുക്കേറ്റ കുതിര ചത്തു. മേയ് 12നാണ് ദലിത് വിവാഹത്തിന് നേരെ ഉന്നത ജാതിക്കാരെന്ന് അവകാശപ്പെടുന്നവരുടെ അക്രമം നടന്നത്.
ദലിതര്‍ വിവാഹഘോഷയാത്ര നടത്തുന്നതിനെതിരെ ഉയര്‍ന്ന ജാതിക്കാര്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹം ഭംഗിയായി നടത്താന്‍ ദലിതര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടിരുന്നു. പൊലീസ് സന്നാഹത്തോടെ ഘോഷയാത്ര മുന്നേറുമ്പോൾ തന്നെയാണ് കല്ലേറുണ്ടായത്. താക്കൂര്‍ ജാതിയില്‍ പെട്ടവരാണ് ദലിതര്‍ക്കെതിരെ ഈ ഗ്രാമത്തില്‍ നീക്കം നടത്തിയത്. തങ്ങള്‍ ആദ്യം ഘോഷയാത്ര നടത്താന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിയുണ്ടായെന്നും ഇതേത്തുടര്‍ന്ന് തിരിച്ചുവരികയും കൂടുതല്‍ പൊലീസുകാരെത്തി വീണ്ടും പുറത്തിറങ്ങുകയുമായിരുന്നെന്ന് വരന്റെ പിതാവ് പറയുന്നു. കൂടുതല്‍ പൊലീസുകാരുണ്ടായിരുന്നിട്ടും മേല്ജാതിക്കാര് കല്ലെറിയുകയായിരുന്നു.
Also Read: ഉന്നതജാതിക്കാരുടെ മുന്നിലിരുന്ന് കല്യാണസദ്യ കഴിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്നു
വിവാഹഘോഷയാത്ര പോകുന്ന റോഡുകളിലെല്ലാം മേല്ജാതിക്കാര് യജ്ഞകുണ്ഡങ്ങൾ ഒരുക്കിയിരുന്നു. ഘോഷയാത്ര മുടക്കാനായിരുന്നു ഇത്. മേല്ജാതിക്കാര് അക്രമം നടത്തുന്നത് തടയാന്‍ പൊലീസ് ആവതും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റോഡില്‍ യജ്ഞം നടത്താന്‍ മേല്ജാതിക്കാര്ക്കും അനുമതി കിട്ടിയിരുന്നു. സമാനമായ രീതികള്‍ ഗുജറാത്തിലെ വിവിധയിടങ്ങളില്‍ മേല്ജാതിക്കാര് പ്രയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അന്ന് അക്രമം നടന്നതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാർജ് ചെയ്താണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഈയടുത്ത ദിനങ്ങളില്‍ ദലിതര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു ഗുജറാത്തില്‍. ഞായറാഴ്ച സബര്‍കാന്ത ജില്ലയിലെ ഒരു ഗ്രാമത്തിലും സമാനതകളുള്ള ഒരു സംഭവം നടന്നു. ഇവിടെ ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുള്ള ആക്രമണം ഭയന്ന് വിവാഹ ഘോഷയാത്രയ്ക്ക് സംരക്ഷണം വേണമെന്ന് ദലിത് വിഭാഗക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് സന്നാഹത്തിന്റെ സംരക്ഷണത്തിലാണ് വിവാഹം നടന്നത്. ഈ മാസം ആദ്യം ദലിത് വിഭാഗക്കാരനായ ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ വിവാഹവും പൊലീസ് സംരക്ഷണത്തിലാണ് നടന്നത്. ദലിതര്‍ ഗ്രാമത്തിലൂടെ വിവാഹഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത് ഉയര്‍ന്ന ജാതിക്കാര്‍ എതിര്‍ക്കുന്നത് ഗുജറാത്തില്‍ വ്യാപകമാണ്.