ന്യൂഡൽഹി: ഇന്ത്യയിൽനിന്നും 12-ാം നൂറ്റാണ്ടിൽ മോഷണം പോയ അതിപുരാതന വിഗ്രഹങ്ങൾ യുഎസ് തിരികെ നൽകി. അമേരിക്കയിലെ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരുന്ന വിഗ്രഹങ്ങൾ ഇന്ത്യയിൽനിന്നും മോഷണം പോയവയാണെന്ന് വ്യക്തമായതോടെയാണ് തിരികെ നൽകിയത്. 3.59 കോടി രൂപ വില മതിക്കുന്ന അതിപുരാതന വിഗ്രഹങ്ങളാണിവ.
12-ാം നൂറ്റാണ്ടിൽ ചോള രാജവംശകാലത്തെ ലിംഗോദ്ഭവമൂര്‍ത്തി എന്നറിയപ്പെടുന്ന കരിങ്കല്ലില്‍ തീര്‍ത്ത ശിവവിഗ്രഹമാണ് ഒരെണ്ണം. ഇതിന് 2.25 ലക്ഷം യുഎസ് ഡോളർ വിലവരും. അലബാമയിലെ ബിർമിങ്ഹാം മ്യൂസിയത്തിലാണ് ഇത് പ്രദർശിപ്പിച്ചിരുന്നത്. തമിഴ്നാട്ടിൽനിന്നാണ് ഇത് മോഷണം പോയത്.
മഞ്ജുശ്രീ എന്നറിയപ്പെടുന്ന രണ്ടാമത്തെ വിഗ്രഹം ബിഹാറിലെ ബോധ്ഗയയിലെ ക്ഷേത്രത്തിൽനിന്നും 1980 കളിലാണ് മോഷ്ടിക്കപ്പെട്ടത്. 2.75 ലക്ഷം രൂപ വിലവരുന്നതാണ് ഈ വിഗ്രഹം. നോർത്ത് കരോലിനയിലെ അക്‌ലാൻഡ് ആർട് മ്യൂസിയത്തിലായിരുന്നു ഇത് പ്രദർശനത്തിന് വച്ചിരുന്നത്.
ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പരിപാടിയിൽ മാൻഹാട്ടൻ ഡിസ്ട്രിക് അറ്റോർണി ജനറൽ സൈറസ് വാൻസിൽനിന്നും ഇന്ത്യൻ അംബാസഡർ സന്ദീപ് ചക്രവർത്തി വിഗ്രഹങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യയിൽനിന്നും മോഷണം പോയ പുരാതന വസ്തുക്കൾ തിരികെ എത്തിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും യുഎസ്സിന്റെ ഭാഗത്തുനിന്നുണ്ടായ നല്ല പ്രവൃത്തിക്ക് നന്ദി പറയുന്നതായും ഇന്ത്യൻ അംബാസഡർ പറഞ്ഞു.