ന്യൂഡല്‍ഹി: പണം കൈപ്പറ്റിക്കൊണ്ട് വര്‍ഗീയത പ്രചരിപ്പിക്കാന്‍ തയ്യാറായ പതിനേഴ് ഇന്ത്യന്‍ മാധ്യമങ്ങളുടെ പേരും വിവരങ്ങളും പുറത്തുവിട്ടിരിക്കുകയാണ് കോബ്രാ പോസ്റ്റ്. സ്വന്തം വിശദാംശങ്ങള്‍ വെളിപ്പെടുത്താതെയാണ് വര്‍ഗീയത പ്രചരിപ്പിക്കണമെന്ന ആവശ്യവുമായി കോബ്രാ പോസ്റ്റ് ഈ മാധ്യമങ്ങളെ സമീപിച്ചത്. ഇത്രയും മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ബില്ലില്ലാതെ പണം കൈപ്പറ്റിക്കൊണ്ട് വര്‍ഗീയത പ്രചരിപ്പിക്കാന്‍ തയ്യാറായി എന്നാണ് കോബ്രാപോസ്റ്റ് പുറത്തുവിട്ട വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. ഡിഎന്‍എ, ദൈനിക് ജാഗ്രണ്‍, അമര്‍ ഉജാല, ഇന്ത്യാ ടിവി, സ്കൂപ്വൂപ് എന്നിവര്‍ ഇതില്‍ പെടുന്നു.
ഓപറേഷന് 136 എന്നാണ് കോബ്രാപോസ്റ്റ് നടത്തിയ ഈ അന്വേഷണ പരമ്പരയുടെ പേര്. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍ പുറത്തുവിട്ട പട്ടികയില്‍ 136-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ആചാര്യ അടല്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് മാധ്യമപ്രവര്‍ത്തകനായ പുഷപ് ശര്‍മ വിവിധ മാധ്യമങ്ങളെ സമീപിച്ചത്. ഉജ്ജയിനിയിലെ ആശ്രമത്തിന്റെ പ്രതിനിധി ആണെന്നും ശ്രീമദ് ഭഗവത് ഗീതാ പ്രചരണ സമിതിയുടെ ആളാണ് എന്നും പറഞ്ഞായിരുന്നു മാധ്യമപ്രവര്ത്തകന് സ്വയം പരിചയപ്പെടുത്തിയത്.
പതിനേഴ് മാധ്യമ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ആചാര്യ അടലിന്റെ ‘മൃദു ഹിന്ദുത്വ’ അജണ്ട പ്രചരിപ്പിക്കാന്‍ തയ്യാറായി എന്നാണ് വീഡിയോയില്‍ വെളിപ്പെടുന്നത്. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി എന്നീ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും അരുണ്‍ ജെയ്റ്റ്ലി, മനോജ് സിന്‍ഹ, ജയന്ത് സിന്‍ഹ, മേനക ഗാന്ധി, വരുണ്‍ ഗാന്ധി എന്നീ ബിജെപി നേതാക്കളെയും മോശമായ രീതിയില്‍ ചിത്രീകരിക്കാനും തയ്യാറാണ് എന്ന് ഈ മാധ്യമങ്ങള്‍ അറിയിക്കുന്നുണ്ട്.
പ്രാദേശിക ഭാഷാ മാധ്യമങ്ങളുടെ ഉടമസ്ഥര്‍, മാധ്യമ കമ്പനികളിലെ മുതിര്‍ന്ന ജീവനക്കാര്‍, അതിലെ ബിസിനസ് രംഗത്തെ പ്രമുഖര്‍ എന്നിവരെയാണ് കോബ്രാപോസ്റ്റിലെ മാധ്യമപ്രവര്ത്തകന് സമീപിച്ചത്.
ദൈനിക് ജാഗരണിന്റെ ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന മാനേജര്‍ സഞ്ജയ് പ്രതാപ് സിങ്ങിന് വീഡിയോയില്‍ അവകാശപ്പെടുന്ന അധികാരമില്ല എന്നാണ് ദൈനിക് ജാഗരണ്‍ മുഖ്യ പത്രാധിപരും ജാഗരണ്‍ പ്രകാശന് ലിമിറ്റഡ് സിഇഒയുമായ സഞ്ജയ് ഗുപ്ത ദ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. “ആദ്യം തന്നെ ആ വീഡിയോയുടെ വിശ്വാസ്യത ഞാന്‍ സംശയിക്കുന്നു.” എന്ന് പറഞ്ഞ സഞ്ജയ് സിങ് ” വീഡിയോ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ നടപടി എടുക്കും” എന്ന് കൂട്ടിച്ചേര്‍ത്തു.
കോബ്രാപോസ്റ്റിന്റെ വീഡിയോ ‘കൃത്രിമമാണ്’ എന്നും എഡിറ്റ് ചെയ്തതാണ് എന്നും അതില്‍ പറയുന്ന യാതൊന്നും “ചര്‍ച്ച ചെയ്യപ്പെടുകയോ തീരുമാനങ്ങള്‍ ഉണ്ടാവുകയോ” ചെയ്തിട്ടില്ല എന്നുമാണ് ഇന്ത്യാ ടിവിയുടെ സെയില്‍സ് പ്രസിഡന്റ് സുദീപ്തോ ചൗധരി ദ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. ഇന്ത്യ മാധ്യമപ്രവര്‍ത്തകനുമായി ചര്‍ച്ച ചെയ്ത യാതൊന്നും തന്നെ ഇന്ത്യാ ടിവിയുടെ എഡിറ്റോറിയല്‍ അംഗീകരിച്ചിട്ടില്ല എന്നും ടിവിയില്‍ സംപ്രേക്ഷണം ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കോബ്രാപോസ്റ്റ് അവരുടെ താൽപര്യങ്ങള്ക്ക് അനുസരിച്ച് സംഭാഷണം ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് പറഞ്ഞ സുദീപ്തോ തങ്ങള്‍ കടുത്ത നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്നും അറിയിച്ചു.
കോബ്രാ പോസ്റ്റിന്റെ സ്റ്റിങ്ങില്‍ വന്ന സാധനാ പ്രൈം, പഞ്ചാബ് കേസരി, യുഎന്‍ഐ ന്യൂസ്, 9 എക്സ് തഷന്‍, സമാചാര്‍ പ്ലസ്, എജെ ഹിന്ദി ഡെയിലി, സ്വതന്ത്ര ഭാരത്, ഇന്ത്യാ വാച്ച്, എച്ച്എന്‍എന്‍ 24X7, റെഡിഫ്.കോം, സബ് ടിവി, ഹിന്ദി ഖബര്‍ എന്നീ മാധ്യമ സ്ഥാപനങ്ങളുമായി ദ് ഇന്ത്യന്‍ എക്സ്പ്രസ് ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം 2016ല്‍ ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് പുഷപ് ശര്‍മ. ആയുഷ് മന്ത്രാലയം മുസ്ലീംങ്ങളെ ജോലിക്കെടുക്കുന്നില്ല എന്ന് കാണിച്ചുകൊണ്ട് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഉപയോഗിച്ച വിവരാവകാശ രേഖകള്‍ കെട്ടിച്ചമച്ചതാണ് എന്നായിരുന്നു ഡല്‍ഹി പൊലീസ് എടുത്ത കേസ്. പിന്നീട് മാധ്യമപ്രവര്ത്തകന് ജാമ്യം ലഭിച്ചിട്ടുണ്ട്.
ഇത് തങ്ങള്‍ നടത്തിയ ഓപ്പറേഷന്റെ ഒന്നാം ഭാഗമാണ് എന്നാണു കോബ്രാ പോസ്റ്റ് പത്രാധിപര്‍ അനിരുദ്ധ ബഹല്‍ പറഞ്ഞത്. രണ്ടാം ഭാഗം ഉടന്‍ തന്നെ വരും എന്നും അദ്ദേഹം അറിയിച്ചു.