ന്യൂഡൽഹി: യുവതിയെ കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി പെട്ടിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവിനെയും സഹോദരങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ജൂൺ 21 നാണ് യുവതിയുടെ മൃതദേഹം പെട്ടിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയത്. ഈ പെട്ടിക്ക് മുകളിലുണ്ടായിരുന്ന സ്‌റ്റിക്കറാണ് കൊലപാതകികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.

ഗുഡ്‌ഗാവിലെ ഷിപ്പിങ് കമ്പനിയുടെ പെട്ടിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ കമ്പനിയുടെ സ്‌റ്റിക്കർ പെട്ടിയിലുണ്ടായിരുന്നത് പൊലീസിന് സഹായകരമായി. കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ജാവേദ് അക്തര്‍ എന്നയാള്‍ക്കു വന്ന പെട്ടിയാണിതെന്നായിരുന്നു കമ്പനി അറിയിച്ചത്. ജാവേദിനെ പൊലീസ് സമീപിച്ചപ്പോൾ പെട്ടി തന്റെ ഫ്ലാറ്റിലാണ് ഉണ്ടായിരുന്നതെന്നും ഫ്ലാറ്റ് സാജിദ് എന്നയാൾക്ക് വാടകയ്‌ക്ക് നൽകിയിരിക്കുകയാണെന്നും പറഞ്ഞു. പൊലീസ് ഫ്ലാറ്റിൽ എത്തിയെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നു.

ജാമിയ നഗർ പ്രദേശത്തുനിന്ന് സാജിദിനെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ താനും തന്റെ സഹോദരങ്ങളും ചേർന്നാണ് ഭാര്യ ജൂഹിയെ കൊന്നതെന്ന് 26 കാരനായ സാജിദ് സമ്മതിച്ചു. മറ്റൊരു സ്ത്രീയുമായി തനിക്ക് അടുപ്പം ഉണ്ടായിരുന്നുവെന്നും ഇതേ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

ജൂൺ 20 ന് സാജിദും ജൂഹിയും തമ്മിൽ യുവതിയെ ചൊല്ലി തർക്കമുണ്ടായി. ഇതിനിടയിൽ ജൂഹിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സാജിദിനൊപ്പം താമസിച്ചിരുന്ന ഇയാളുടെ സഹോദരനാണ് മൃതദേഹം മുറിച്ച് പെട്ടിയിലാക്കാൻ സഹായിച്ചത്. മറ്റൊരു സഹോദരനാണ് മൃതദേഹം ഓക്‌ലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കാൻ സഹായിച്ചത്.

2010 ലാണ് സാജിദും ജൂഹിയും പരിചയപ്പെടുന്നത്. 2014 ൽ​ ഇരുവരും വിവാഹിതരായി. രണ്ടു വർഷം മുൻപാണ് ബിഹാറിൽനിന്നും ഡൽഹിയിലേക്ക് താമസം മാറിയത്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ