ഗ്ലാസ്ഗോവ്: ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാഡ് സ്കോട്ടിഷ് ലീഗിലേക്ക്. സ്കോട്ടിഷ് ഒന്നാംനിര ക്ലബ്ബായ റേഞ്ചേഴ്‌സ് മാനേജര്‍ ആയാണ് മുപ്പത്തിയേഴുകാരന്റെ സ്കോട്ടിഷ് ലീഗ് പ്രവേശം.

തന്റെ പ്രൊഫഷണല്‍ കരിയറിന്റെ സിംഹഭാഗവും ലിവര്‍പൂളില്‍ ചെലവിട്ട മധ്യനിരതാരം 2015ലാണ് ലിവര്‍പൂളിനോട്‌ വിട പറയുന്നത്. 2015-16 സീസണ്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ് എല്‍എ ഗാലക്സിയില്‍ ചെലവിട്ട താരം പിന്നീട് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് തന്നെ വീരമിക്കുകയായിരുന്നു. 2017-18 സീസണിലേക്കായി ലിവര്‍പൂള്‍ അണ്ടര്‍ 18 പരിശീലകനായി സ്ഥാനമേറ്റ മുന്‍ ഇംഗ്ലീഷ് നായകന്‍ ഇതാദ്യമായാണ് ഒരു ക്ലബ്ബിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.

” എനിക്ക് ഏറെ ബഹുമാനമുള്ള ക്ലബ്ബാണ്‌ ഇത്. അതിന്റെ പാരമ്പര്യത്തിലും ചരിത്രത്തിലും എനിക്ക് വിശ്വാസമുണ്ട്. റേഞ്ചേഴ്‌സിലേക്കുള്ള വരവ് ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ കാണുന്നത്. ” സ്റ്റീവന്‍ ജെറാഡ് പറഞ്ഞു.

ലിവര്‍പൂളിനുവേണ്ടി പത്തൊമ്പത് വര്‍ഷങ്ങളിലായി 710 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ജെറാഡ് പന്ത്രണ്ടോളം വര്‍ഷം ക്ലബ്ബ് നായകനുമായിരുന്നു. 114 തവണ ഇംഗ്ലീഷ് ദേശീയ ടീമിനെയും ജെറാഡ് നയിച്ചു.

കഴിഞ്ഞ സീസണ്‍ സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായാണ് റേഞ്ചേഴ്‌സ് എഫ്സി കളി അവസാനിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ