ലണ്ടൻ: അന്തരിച്ച ബ്രീട്ടീഷ് ശാസ്ത്രഞ്ജനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ വീൽചെയറും പ്രബന്ധവും ലേലത്തിൽ വിറ്റു. വ്യാഴാഴ്ച നടന്ന ലേലത്തിൽ ഹോക്കിങ്ങിന്റെ വീൽചെയർ 300,000 പൗണ്ടിനാണ് (391,740 ഡോളർ) വിറ്റത്. ഹോക്കിങ്ങിന്റെ പ്രബന്ധമായ പ്രപഞ്ചത്തിന്റെ ഉത്ഭവും ലേലത്തിൽ വിറ്റു. ലേലത്തിലൂടെ സമാഹരിച്ച തുക ജീവകാരുണ്യപ്രവർത്തനത്തിന് ഉപയോഗിക്കും.

കഴിഞ്ഞ മാർച്ചിലാണ് 76 കാരനായ ഹോക്കിങ് മരിക്കുന്നത്. മോട്ടോർ ന്യൂറോൺ അസുഖത്തെത്തുടർന്ന് സ്റ്റീഫൺ ഹോക്കിങ് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വീൽചെയറിലാണ് ചിലവഴിച്ചത്. പ്രപഞ്ചത്തിന്റെ ഉത്ഭവം എന്ന അദ്ദേഹത്തിന്റെ പ്രബന്ധം പ്രശസ്തമാണ്.

ഹോക്കിങ്ങിന് ലഭിച്ച മെഡലുകൾ, അവാർഡുകൾ, ലേഖനങ്ങൾ, ഹോക്കിങ്ങിന്റെ വിരലടയാളം പതിപ്പിച്ച ‘സമയത്തിന്റെ ലഘു ചരിത്രം’ എന്ന പുസ്തകം എന്നിവ ഓൺലൈനായി വിറ്റഴിച്ചിരുന്നു. ഐസക് ന്യൂട്ടൻ, ചാൾസ് ഡാർവിൻ, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവരുടെ ലേഖനങ്ങളും, കൈയ്യഴുത്ത് പ്രതികളും വ്യാഴാഴ്ച ഓൺലൈനായി വിറ്റഴിച്ചിരുന്നു. ഹോക്കിങ്ങിന്റെ ‘വികസിക്കുന്ന പ്രപഞ്ചങ്ങളുടെ സവിശേഷതകൾ’ എന്ന 117 താളുകളുള്ള പ്രബന്ധം 584,750 പൗണ്ടിനാണ് വിറ്റുപോയത്.

മെഡലുകളും അവാർഡുകളും 15,000 പൗണ്ടിന് വിറ്റുപോകുമെന്നാണ് പ്രതീക്ഷിച്ചത്, എന്നാൽ 296,750 പൗണ്ടിനാണ് വിറ്റുപോയത്. ‘ഓൺ ദി ഷോൾഡർ ഓഫ് ജയന്റ്സ്’ എന്ന പേരിലാണ് ഓൺലൈൻ ലേലം നടന്നത്. ലേലത്തിൽ സമാഹരിക്കുന്ന തുക സ്റ്റീഫൻ ഹോക്കിങ് ഫൗണ്ടേഷനും മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷനും കൈമാറും.

സ്റ്റീഫൻ ഹോകിങ്ങിന്റെ ആരാധകർക്ക് അദ്ദേഹത്തിന്റെ ഇലക്ട്രോണിക് വോയ്സ് സിന്തസൈസർ വാങ്ങാനും അധികം വൈകാതെ അവസരം ഒരുക്കുമെന്ന് ലേലം അധികൃതർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook