ബീജിംഗ്: 600 വര്‍ഷത്തിനുളളില്‍ ഭൂമി ഒരു തീഗോളമായി മാറുമെന്ന് പ്രശസ്ത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്. ജനസംഖ്യാ വര്‍ദ്ധനവും ഉയര്‍ന്ന തോതിലുളള ഊര്‍ജ്ജ ഉപഭോഗവും ഭൂമിയെ തീഗോളമാക്കി മാറുന്നതിലേക്ക് നയിക്കുന്ന കാരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത പത്ത് ലക്ഷം വര്‍ഷത്തേക്ക് മാനവരാശി നിലനില്‍ക്കണമെങ്കില്‍ ഇതുവരെ ആരും കാല് കുത്തിയിട്ടില്ലാത്ത ഗ്രഹത്തിലേക്ക് പോകണമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീജിംഗില്‍ നടക്കുന്ന ടെന്‍സന്റ് വി ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ജനസംഖ്യാ വര്‍ദ്ധനവ് അനുസരിക്ക് ഏറിയ തോതിലുളള ഊര്‍ജ്ജ ഉപഭോഗം ഭൂമിയെ ഒരു തീഗോളമാക്കി മാറ്റും. സൗരയുധത്തിന് പുറത്തുളള ഏറ്റവും അടുത്ത വാസയോഗ്യമായ ഗ്രഹത്തിലേക്ക് കുടിയേറുകയാണ് പോംവഴി. അതിന് വേണ്ടിയാണ് ശ്രമങ്ങള്‍ വേണ്ടത്. നാല് ബില്ല്യണ്‍ പ്രകാശവര്‍ഷത്തിന് അപ്പുറമുളള ആല്‍ഫാ സെഞ്ച്വറി ആണ് ഇതില്‍ അടുത്ത് കിടക്കുന്ന ഒരു നക്ഷത്രക്കൂട്ടം’, ഹോക്കിംഗ് വ്യക്തമാക്കി. ഭൂമി പോലെ വാസയോഗ്യമായ ഗ്രഹമാണ് ആല്‍ഫ സെഞ്ച്വറി എന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍.

നേരത്തേയും സമാന പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. അധിക ജനസംഖ്യ, കാലാവസ്ഥാ മാറ്റം, രോഗങ്ങള്‍, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(കൃത്രിമബുദ്ധി), ആണവായുധങ്ങൾ തുടങ്ങിയ കാരണങ്ങള്‍ ഭൂമിയുടെ അന്ത്യത്തിന് കാരണമാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിന് മുമ്പ് മറ്റൊരു വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ച് കോളനിയാക്കി ജീവിക്കുന്നതാണ് നല്ലതെന്നും ഹോക്കിംഗ് പറയുന്നു. സാങ്കേതികപരമായും ശാസ്ത്രീയമായും നമ്മള്‍ അത്രയും വളരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വരും നൂറ്റാണ്ടിൽ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധമുള്ള അപകടങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. ഇത് അന്ത്യവിധി നാളിലേക്ക് നയിക്കുമെന്നും ആണവായുധങ്ങളും കൃത്രിമമായി സൃഷ്ടിച്ച വൈറസുകളും മനുഷ്യന് ഭീഷണിയാണെന്നും അദ്ദേഹം പറയുന്നു.

ഭൂമിക്ക് വെളിയിൽ മനുഷ്യവാസം സാധ്യമായ ഗ്രഹങ്ങൾ തേടിയുള്ള അന്വേഷണം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ചൊവ്വയിൽ മനുഷ്യനെ താമസിപ്പിക്കാനും കോളനികൾ തുടങ്ങാനുമുള്ള പദ്ധതി സ്പെയ്സ് എക്സ് ശാസ്ത്രജ്ഞന്‍ എലൻ മസ്കിന്റെ നേതൃത്വത്തിലുള്ള സംഘം തുടങ്ങിയിട്ടുണ്ട്. അടുത്ത ദശകത്തോടെ ഇത് സാധ്യമാകുമെന്നും ഇവര്‍ അവകാശവാദം ഉന്നയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook