ഇംഫാല്‍: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തെക്കാള്‍ വലിയ സിദ്ധാന്തങ്ങള്‍ വേദങ്ങളില്‍ ഉണ്ടെന്ന് അന്തരിച്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സ് പറഞ്ഞിട്ടുണ്ട് എന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയുടെ അവകാശവാദം. 105-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഹര്‍ഷ് വര്‍ദ്ധന്‍ സിങ്ങിന്റെ പരാമർശം.
എവിടെയാണ് e=mc^2 എന്ന ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തെക്കാള്‍ വലുത് വേദങ്ങളില്‍ ഉണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിങ്സ് പറഞ്ഞത് എവിടെയാണ് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ “അത് നിങ്ങള്‍ കണ്ടുപിടിക്കൂ” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
“ഈയടുത്താണ് നമുക്ക് സ്റ്റീഫന്‍ ഹോക്കിങ്സ് എന്ന പ്രശസ്തനായൊരു ശാസ്ത്രജ്ഞനെ നഷ്ടമായത്. e=mc^2 എന്ന ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെക്കാള്‍ വലുത് വേദത്തില്‍ ഉണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ ആളായിരുന്നു അദ്ദേഹം” ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി പ്രസംഗിച്ചു.
ചോദ്യം ഉയര്‍ന്നപ്പോള്‍ ‘വേദത്തില്‍ ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെക്കാള്‍ വലിയ സിദ്ധാന്തങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വേണമെങ്കില്‍ പരിശോധിച്ച് ഉറപ്പുവരുത്തൂ ‘ എന്ന് മറുപടി പറഞ്ഞ മന്ത്രി ‘ഗവേഷണം ചെയ്തിട്ട് വിവരങ്ങള്‍ ലഭിച്ചില്ല എങ്കില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ വച്ച് തന്നെ കാണാം’ എന്നും കൂട്ടിച്ചേര്‍ത്തു.
ഗൂഗിള്‍ അന്വേഷണത്തില്‍ ഈ വിവരങ്ങളെ സാധൂകരിക്കുന്ന ഒട്ടേറെ വെബ്സൈറ്റുകള്‍ ഉണ്ട്. http://www.servveda.org എന്ന വെബ്സൈറ്റ് ആണ് അതില്‍ പ്രധാനം. വേദങ്ങളുടെ ശാസ്ത്ര ഗവേഷണത്തിനായുള്ള ഇന്‍സ്റ്റിറ്റ്യൂറ്റിട്ടിന്റേതാണ് ഈ വെബ്സൈറ്റ്. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര- വ്യാവസായിക ഗവേഷണത്തിന് കീഴിലാണ് തങ്ങള്‍ എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്.
ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം ആധുനിക ശാസ്ത്രത്തിലെ സുപ്രധാന സംഭാവനയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ചില ശാസ്ത്ര കോണ്‍ഗ്രസുകളില്‍ ശാസ്ത്രത്തെ പ്രയോഗസിദ്ധമായി കണക്കാക്കുന്നില്ല എന്ന വിമര്‍ശം ഉയര്‍ന്നിരുന്നു.
മുംബൈയില്‍ നടന്ന 102-ാമത് ശാസ്ത്ര കോണ്‍ഗ്രസില്‍ പുരാതന വ്യോമയാന സാങ്കേതികതകളെ പഠനങ്ങള്‍ അവതരിക്കപ്പെട്ടിരുന്നു. വേദങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട്, ഏഴായിരം വര്‍ഷങ്ങള്‍ മുന്‍പ് ഇന്ത്യക്കാര്‍ വിമാനമാര്‍ഗം സഞ്ചരിച്ചിരുന്നു എന്നും മറ്റും സാധൂകരിക്കാന്‍ ശ്രമിക്കുന്നതായിരുന്നു പഠനങ്ങള്‍.
ശാസ്ത്രജ്ഞരും വിദ്യാര്‍ഥികളും അക്കാദമിക് രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ശാസ്ത്ര കോണ്‍ഗ്രസ് അതിന്റെ ഉദ്ദേശങ്ങളില്‍ നിന്നും വ്യതിചലിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.